പീച്ചി. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തിട്ടും, വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ പീച്ചിഡാം റിസർവോയറിലെ ജലനിരപ്പിൽ കാര്യമായ വർധനവ് ഉണ്ടായില്ല. 69.90 മീറ്ററാണ് ഇന്നലെ റിസർവോയറിലെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇത് 77.14 മീറ്റർ ആയിരുന്നു. 7.24 മീറ്റർ ജലം കഴിഞ്ഞ വർഷത്തേക്കാൾ ഡാമിൽ കുറവാണ്. കഴിഞ്ഞ വർഷം ജൂലൈ 21ന് ഡാമിന്റെ നാല് ഷട്ടറുകളും തുറന്നിരുന്നു.
79.25 മീറ്ററാണ് ഡാമിലെ പരമാവധി ജലനിരപ്പ്. ഇത് 78 മീറ്ററിൽ ബ്ലൂ അലർട്ടും, 78.30 മീറ്ററിൽ യെല്ലോ അലർട്ടും, 78.60 മീറ്ററിൽ റെഡ് അലർട്ടുമാണ് നൽകുക. അപ്പർ റൂൾ കർവ്വ് 76.02 മീറ്ററാണ്. നിലവിലെ സാഹചര്യത്തിൽ 6.12 മീറ്റർ കൂടി ഉയർന്നെങ്കിലേ ജലനിരപ്പ് അപ്പർ റൂൾ കർവ്വിൽ എത്തുകയുള്ളു.
ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ വേണ്ടത്ര മഴ ലഭിക്കാത്തതാണ് ജലനിരപ്പ് ഉയരാത്തതിന് പ്രധാനകാരണം. തൃശൂർ ടൗണിലെയും സമീപ പഞ്ചായത്തുകളിലെയും പ്രധാന കുടിവെള്ള സ്രോതസ്സുകൂടിയായ പീച്ചി ഡാം റിസർവോയറിലെ ജലനിരപ്പിൽ കാര്യമായ വർധനവ് ഇല്ലാത്തതിൽ ജനങ്ങൾ ആശങ്കയിലാണ്. വരും നാളുകളിൽ കുടിവെള്ള ക്ഷാമത്തിലേയ്ക്ക് നാട് നീങ്ങുമോ എന്ന ഭയവും ജനങ്ങൾക്കുണ്ട്.


0 Comments