പട്ടിക്കാട്. വഴുക്കുംപാറ മേൽപ്പാതയിലെ പാലക്കാട് ഭാഗത്തേക്കുള്ള പ്രധാനപാതയിലെ റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ട് തുടങ്ങി. നിലവിൽ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ ഒറ്റവരിയിൽ ഇതുവഴിയാണ് കടന്നുപോകുന്നത്. റോഡിന്റെ തകർച്ച ഇനിയും കൂടിയാൽ അത് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കിന് വഴിയൊരുക്കും. തൃശൂർ ഭാഗത്തേക്കുള്ള പ്രധാനപാത പൊളിച്ചു പണിയുന്നതിന്റെ ഭാഗമായാണ് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലൂടെ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയത്.
താൽക്കാലിക സംവിധാനം എന്ന നിലയിലാണ് പ്രദേശത്ത് ഇത്തരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ മഴമൂലം വഴുക്കുംപാറയിലെ അറ്റകുറ്റ പണികൾ നിർത്തിവെച്ചതോടെ പ്രദേശത്തെ ഗതാഗത നിയന്ത്രണം എത്രനാൾ തുടരും എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. മാത്രമല്ല നിലവിൽ വാഹനങ്ങൾ കടന്നു പോകുന്ന പാതകൂടി തകർന്നാൽ ഇരുഭാഗത്തേക്കുമുള്ള ഗതാഗതത്തെ അത് സാരമായി ബാധിക്കുകയും ചെയ്യും.

.jpeg)
0 Comments