വഴുക്കുംപാറയിൽ റോഡിലെ വിള്ളലുണ്ടായ ഭാഗം പൂർണമായും പുനർനിർമിക്കണം: മന്ത്രി കെ രാജൻ


പട്ടിക്കാട്. വഴുക്കുംപാറയിൽ റോഡിൽ വിള്ളൽ കണ്ടെത്തിയ പ്രദേശം കരാറുകാരുടെ ചെലവിൽ പൂർണമായും പുനർനിർമിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജൻ ദേശീയപാത അധികൃതർക്ക് നിർദ്ദേശം നൽകി. വിള്ളലുണ്ടായ ഭാഗത്ത് ടാറിംഗ് നടത്തിയതുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അടിയന്തര യോഗത്തിലാണ് നിർദ്ദേശം. 

മഴക്കാലം പരിഗണിച്ച് വിള്ളലുകൾ അധികമാവാതിരിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളണം. പ്രശ്‌നത്തിന് ശാശ്വത പരിഹാരമെന്ന നിലയിൽ ശക്തമായ പാർശ്വഭിത്തി നിർമിക്കുന്നതിന് ഇതിനകം അംഗീകാരം ലഭിച്ച 1.35 കോടി രൂപയുടെ പ്രവൃത്തി നാലു മാസത്തിനകം പൂർത്തീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി. അതുവരെ വിള്ളലുണ്ടായ ഭാഗത്ത് ഒറ്റവരിയിൽ വാഹനങ്ങൾ കടത്തിവിടും. 

നിലവിലെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതു വരെ കരാർ കമ്പനിയുടെ ഒരു മെയിന്റനൻസ് സംഘത്തെ പ്രദേശത്ത് മുഴുവൻ സമയവും നിയോഗിക്കണം. എല്ലാ സാങ്കേതിക സംവിധാനങ്ങളും അടങ്ങിയ ഈ സംഘത്തിന്റെ സേവനം പ്രദേശത്ത് ഉറപ്പാക്കണം. നിലവിലെ റോഡ് നിർമാണത്തിലെ അപാകം സംബന്ധിച്ച് റോഡ് സുരക്ഷാ അതോറിറ്റി, നാറ്റ്പാക്ക്, പാലക്കാട് ഐഐടി, മോട്ടോർ വാഹന വകുപ്പ് എന്നിവ സമർപ്പിച്ച സംയുക്ത റിപ്പോർട്ടിൽ പ്രവൃത്തികൾ അശാസ്ത്രീയമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ പൂർണമായി പരിഹരിച്ചുവേണം തുടർ നടപടികൾ സ്വീകരിക്കാൻ. കരാർ കമ്പനിയുടെ ചെലവിൽ തന്നെ തകർന്ന റോഡ് പുനർനിർമാണം ശാസ്ത്രീയവും സമഗ്രവുമായ രീതിയിൽ നടപ്പിലാക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

ദേശീയപാതയിൽ നിർദ്ദിഷ്ട ഡിസൈൻ പ്രകാരമുള്ള തെരുവുവിളക്കുകൾ, സൈൻബോർഡുകൾ തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ടോ എന്നും പുതുതായി എവിടെയൊക്കെ സ്ഥാപിക്കേണ്ടതുണ്ടോ എന്നും പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ റോഡ് സുരക്ഷാ അതോറിറ്റിക്ക് മന്ത്രി നിർദ്ദേശം നൽകി. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പിലാക്കിയില്ലെങ്കിൽ ടോൾ പിരിവ് നിർത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ പരിശോധിക്കും. 

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ റവന്യൂ മന്ത്രി കെ രാജൻ, ടി എൻ പ്രതാപൻ എംപി, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, റോഡ് സേഫ്റ്റി കമ്മീഷണർ എസ് ശ്രീജിത്ത്, സിറ്റി പോലിസ് കമ്മീഷണർ അങ്കിത് അശോകൻ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, എൻഎച്ച്എഐ പ്രൊജക്ട് ഡയരക്ടർ ബിപിൻ മധു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.




Post a Comment

0 Comments