പട്ടിക്കാട്. ആൽപ്പാറ വാർഡിലെ 116 വീടുകളുടെ ഭൂനികുതി അടയ്ക്കുന്നതിനും ക്രയവിക്രയം നടത്തുന്നതിനും തടസ്സമായി നിൽക്കുന്ന നടപടികൾക്കെതിരെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആൽപ്പാറയിൽ ജനകീയ സമിതി രൂപീകരിച്ചു. മൊയ്തീൻ ഷാ മിച്ചഭൂമി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 12 വർഷമായി പ്രദേശവാസികൾ ദുരിതം അനുഭവിക്കുന്നതെന്ന് ജനകീയ സമിതി അറിയിച്ചു. ഇതിനെതിരെ അധികൃതർ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ജനകീയ സമരം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജനകീയ സമിതി അറിയിച്ചു.
ആൽപ്പാറ സെന്ററിൽ കെ.എം ദാനിയേലിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ആൽപ്പാറ കൊളപ്പുരയിൽ സുഭാഷിന്റെ നിര്യാണത്തിൽ ജനകീയ സമിതിയുടെ അനുശോചനവും രേഖപ്പെടുത്തി.
അമ്പതോളം അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ വെച്ച് വാർഡ് മെമ്പർ സുശീല രാജൻ പ്രസിഡന്റ് ആയ 11 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് കെ.എം. ദാനിയേൽ, സെക്രട്ടറി പി.ആർ. രാജേഷ്, ജോ. സെക്രട്ടറിമാർ ജോസ് ചീനിയാടൻ, തങ്കച്ചൻ, ട്രഷറർ ജോസ് മായാലിൽ, കമ്മിറ്റി അംഗങ്ങൾ സുഭദ്ര, ഉഷ, രാജു, മിനി, ആന്റണി എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ.


0 Comments