പട്ടിക്കാട്. മരം കടപുഴകി വീണ് താമരവെള്ളച്ചാൽ ആദിവാസി കോളനിയിലെ കമ്മ്യൂണിറ്റി ഹാളിന്റെ മേൽക്കൂര തകർന്നു. തിങ്കളാഴ്ച രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ആണ് റോഡരികിൽ നിന്നിരുന്ന മരം കടപുഴകി വീണത്. അപകടത്തിൽ കമ്മ്യൂണിറ്റി ഹാളിന്റെ മുകൾഭാഗം ഭാഗികമായി തകരുകയും സമീപത്തെ വീടിന് തകരാർ സംഭവിക്കുകയും ചെയ്തു. അപകട സമയത്ത് പ്രദേശത്ത് ആളുകൾ ഉണ്ടാകാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. മറ്റൊരു അപകടത്തിൽ മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണതിനെ തുടർന്ന് ഒരാൾക്ക് പരിക്കേറ്റു. പാലപ്പറമ്പിൽ വിനോദിനാണ് പരിക്കേറ്റത്. റോഡിന് കുറുകെ ഒടിഞ്ഞുവീണ മരക്കൊമ്പ് മുറിച്ചു മാറ്റുന്നതിനിടെ അതേ മരത്തിലെ മറ്റൊരു മരക്കൊമ്പ് ഒടിഞ്ഞു വീണാണ് പരിക്കേറ്റത്.
പ്രദേശത്തെ അപകടകരമായ രീതിയിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് പഞ്ചായത്ത് അംഗം അജിത മോഹൻദാസ് പറഞ്ഞു. നിരവധി മരങ്ങളാണ് ഊരിലെ വീടുകൾക്ക് ഭീഷണിയായി നിൽക്കുന്നതെന്നും പരാതി നൽകിയിട്ടും വനം വകുപ്പിന്റെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടായില്ലെന്നും ഊരുമൂപ്പൻ ടി.സി. വാസു പറഞ്ഞു.


0 Comments