കുതിരാൻ. വഴക്കുംപാറയിൽ ദേശീയപാതയുടെ സർവീസ് റോഡ് നിർമ്മിക്കുന്നതിനായി വിട്ടുകിട്ടിയ വനഭൂമിയിൽ നിന്ന് എത്രത്തോളം മണ്ണും പാറയും ഖനനം ചെയ്‌തെടുത്തു എന്ന റിപ്പോർട്ട് നൽകാൻ കരാർ കമ്പനിയോട് തൃശൂർ ജിയോളജി ആൻഡ് മൈനിങ് വിഭാഗം ആവശ്യപ്പെട്ടു. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ജിയോളജിസ്റ്റ് ഡോ. മനോജ്, അസി. ജിയോളജിസ്റ്റ് ആതിര എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. കുതിരാൻ തുരങ്കത്തോട് ചേർന്ന് വഴുക്കുംപാറ മേൽപ്പാത വരെയുള്ള ഭാഗത്ത് സർവീസ് റോഡ് നിർമ്മിക്കാനായി വൻതോതിൽ മണ്ണ് എടുക്കുകയും പാറ പൊട്ടിച്ചു നീക്കുകയും ചെയ്തിരുന്നു. ഖനനം ചെയ്‌തെടുത്ത പാറയും മണ്ണും ഹൈവേ നിർമ്മാണത്തിന് അല്ലാതെ പുറത്ത് നൽകി നിർമ്മാണ കമ്പനി വൻതോതിൽ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി നാട്ടുകാർ ആരോപണം ഉന്നയിച്ചിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ പഞ്ചായത്ത് അംഗങ്ങളായ ജയകുമാർ ആദം കാവിൽ, ബിജോയ് ജോസ് എന്നിവരുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ നിർമ്മാണ കമ്പനി അധികൃതരെ വിളിച്ചുവരുത്തി വിവരങ്ങൾ തിരക്കി.
മണ്ണും പാറയും ഹൈവേ നിർമ്മാണത്തിന് മാത്രമാണ് ഉപയോഗിച്ചത് എന്നാണ് കമ്പനി അധികൃതർ നൽകിയ വിശദീകരണം. ഖനനം നടത്തിയ പ്രദേശത്തിന്റെ വിസ്തൃതി പരിശോധിച്ച് എത്രത്തോളം മണ്ണും പാറയും ഖനനം ചെയ്തിട്ടുണ്ട് എന്ന എസ്റ്റിമേറ്റ് തയ്യാറാക്കാൻ പാണഞ്ചേരി പഞ്ചായത്ത് അസി. എൻജിനീയറെ ചുമതലപ്പെടുത്തിയതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ പറഞ്ഞു. വഴുക്കുംപാറ മേൽപാതയിൽ വിള്ളൽ ഉണ്ടായി തകർന്ന് ഭാഗത്ത് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനും റിപ്പോർട്ട് നൽകാനും കൂടിയാണ് ജിയോളജി ഉദ്യോഗസ്ഥരെ കളക്ടർ ചുമതലപ്പെടുത്തിയിട്ടുള്ളത്. നിലവിൽ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം നിർത്തി വെച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് അഞ്ചുദിവസത്തിനകം കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കുതിരാൻ തുരങ്കത്തിൽ നിന്ന് തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ ഒരു കിലോമീറ്ററോളം ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്. പാലക്കാട് ഭാഗത്തേക്കുള്ള പാതയിലൂടെയാണ് ഇരു ഭാഗത്തേക്കുള്ള വാഹനങ്ങളെ കടത്തിവിടുന്നത്.


0 Comments