പട്ടിക്കാട്. കുതിരാൻ തുരങ്കത്തിനുള്ളിൽ ചിലയിടങ്ങളിൽ ചോർച്ചയുള്ളതുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചു. പാറയിൽ നിന്നുള്ള വെള്ളം തുരങ്കത്തിന് വശങ്ങളിലെ കാനയിലേയ്ക്ക് ഒലിച്ചിറങ്ങുന്നതിനായി സ്ഥാപിച്ചിട്ടുള്ള പൈപ്പുകളുടെ ജോയിന്റ് വിട്ടുപോയതാണ് പ്രധാന പാതയിലേയ്ക്ക് വെള്ളം വീഴാൻ കാരണമായത്.
തുരങ്കത്തിനുള്ളിലെ പാറയിൽ നിന്നും ഒലിച്ചിറങ്ങാൻ സാധ്യതയുള്ള വെള്ളം പൈപ്പുകൾ വഴി കാനയിലേക്ക് പതിക്കുന്നതിന് തുരങ്കത്തിന്റെ നിർമ്മാണ സമയത്തുതന്നെ ക്രമീകരണങ്ങൾ ചെയ്തിരുന്നു. തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിൽ മാത്രമാണ് ഇത്തരം സംവിധാനം ഒരുക്കിയിട്ടുള്ളത്. മഴ ആരംഭിച്ചതോടെ പാറയിൽ നിന്നും ശക്തമായ വെള്ളം ഇറങ്ങിയതാകാം പൈപ്പുകളുടെ ജോയിന്റ് വിട്ടുപോകാൻ കാരണം.
എന്നാൽ പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ ഉൾഭാഗം മുഴുവനായും ഗ്യാൻട്രി കോൺക്രീറ്റിംഗ് നടത്തിയിട്ടുള്ളതിനാൽ ചോർച്ച പൂർണ്ണമായും ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട്. ഒന്നാം തുരങ്കവും പൂർണ്ണമായി ഗ്യാൻട്രി കോൺക്രീറ്റിംഗ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കോൺക്രീറ്റിംഗ് നടത്താതെ ഇരുമ്പ് തകിടുകൾ വെച്ച് മറയ്ക്കുകയായിരുന്നു. ഈ ഭാഗവും ഗ്യാൻട്രി കോൺക്രീറ്റിംഗ് നടത്തിയെങ്കിലേ തുരങ്കത്തിനുള്ളിലെ ചോർച്ച പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കൂ.


0 Comments