കഞ്ചാവ് കടത്താൻ ശ്രമം: പ്രതികൾക്ക് 10 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും

പട്ടിക്കാട് വെച്ച് പ്രതികളെ പിടികൂടിയപ്പോൾ (ഫയൽ ചിത്രം)

പട്ടിക്കാട്. കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ പട്ടിക്കാട് ദേശീയപാതയിൽ വെച്ച് തൃശ്ശൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് അന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായ പ്രതികൾക്ക് 10 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും വിധിച്ചു. രാജേഷ് (47), ലിഷൻ (37) എന്നിവർക്കാണ് തൃശ്ശൂർ നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 

2021 നവംബർ 1ന് ആയിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആന്ധ്രാപ്രദേശിൽ നിന്നും തൃശൂരിലേയ്ക്ക് കാറിൽ കടത്തുകയായിരുന്ന 87.200 കിലോ കഞ്ചാവ് സഹിതം പ്രതികളെ തൃശ്ശൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് അന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. തുടർന്ന് പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ തൃശ്ശൂർ അസി.എക്‌സൈസ് കമ്മീഷണർ അന്വേഷണം നടത്തി പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

സമൂഹത്തിൽ പടർന്നു പിടിച്ചിരിക്കുന്ന ലഹരി മാഫിയയ്‌ക്കെതിരെ ശക്തമായ സന്ദേശമായിരിക്കണം ശിക്ഷാനടപടികൾ എന്ന പ്രോസിക്യൂഷൻ വാദം കൂടെ മുഖവിലയ്‌ക്കെടുത്താണ് ശിക്ഷ വിധിച്ചത്. സിവിൽ എക്‌സൈസ് ഓഫീസറായ വി.എം.ഹരീഷ്, ഷനൂജ് ടി.എസ് എന്നിവരാണ് പ്രോസിക്യൂഷൻ നടപടികളെ ഏകോപിപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡിനി ലക്ഷ്മൺ  ഹാജരായി.




Post a Comment

0 Comments