പട്ടിക്കാട്. റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 116 ഭൂ ഉടമകൾ പ്രതിസന്ധിയിലായി. ഭൂമി ക്രയവിക്രയ സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഉടമകൾ 2023 ആഗസ്റ്റ് 24 വ്യാഴം രാവിലെ 10ന് പീച്ചി, പാണഞ്ചേരി വില്ലേജുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും. ആൽപ്പാറ ജനകീയ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
1955, 57 വർഷങ്ങളിൽ മരണപ്പെട്ട മൊയ്തീൻ ഷാ റാവുത്തർ, അദ്ദേഹത്തിന്റെ മകൾ പരീദ ബീവി എന്നിവർക്ക് ലഭിച്ച ഈ പ്രദേശത്തുള്ള 33 ഏക്കർ ഭൂമി മിച്ചഭൂമിയാണെന്ന താലൂക്ക് ലാൻഡ് ബോർഡിന്റെ റഫറൻസിനെ തുടർന്ന് വിവിധ സർവ്വേ നമ്പറുകളിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം മരവിപ്പിക്കുകയായിരുന്നു. 2012 മുതൽ ഈ സ്ഥലങ്ങളുടെ നികുതി അടക്കാൻ റവന്യൂ വകുപ്പ് അനുവദിച്ചുമില്ല. എന്നാൽ 2022 മുതൽ നികുതി അടക്കാൻ സാധിച്ചെങ്കിലും പൊസഷൻ സർട്ടിഫിക്കറ്റ്, ക്രയവിക്രയ സ്വാതന്ത്ര്യം തുടങ്ങിയവ നിഷേധിക്കപ്പെട്ടു. നികുതി അടച്ച് ലഭിക്കുന്ന രശീതിയിൽ കേസിനെക്കുറിച്ച് പരാമർശിക്കുന്നതുമൂലം ബാങ്കുകളിലോ, ഗവ. ഇതര സ്ഥാപനങ്ങളിലോ ഇവ സ്വീകരിക്കാത്ത അവസ്ഥയുമായി. ഇതോടെ സ്ഥല ഉടമകൾക്ക് ലോൺ ലഭിക്കാതാവുകയും കുട്ടികളുടെ പഠനം വിവാഹം തുടങ്ങിയ ആവശ്യങ്ങൾ മുടങ്ങുകയും ചെയ്തു.
2005 കാലഘട്ടങ്ങളിൽ വില്ലേജ് ഓഫീസുകളിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇത്രയും കുടുംബങ്ങൾ ദുരിതം അനുഭവിക്കാൻ കാരണമായി തീർന്നതെന്ന് ആൽപ്പാറ ജനകീയ സമിതി ഭാരവാഹികൾ ആരോപിച്ചു. സ്ഥലം എംഎൽഎയും റവന്യൂവകുപ്പ് മന്ത്രിയുമായ കെ. രാജൻ ഉൾപ്പെടെയുള്ളവരോട് പലതവണ വിഷയം ഉന്നയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നും ഇതേ തുടർന്നാണ് പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുന്നതിന് സമിതി തീരുമാനിച്ചതെന്നും അവർ പറഞ്ഞു.
സമിതി പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ സുശീല രാജൻ, വൈസ് പ്രസിഡന്റ് കെ.എം. ദാനിയേൽ, സെക്രട്ടറി പി.ആർ രാജേഷ്, ജോ.സെക്രട്ടറി എം.എം. തങ്കച്ചൻ, ട്രഷറർ ജോസ് മായാലി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


0 Comments