പട്ടിക്കാട്. പലിശരഹിത ഭവന പദ്ധതിയുടെ പേരിൽ 10 പേരിൽ നിന്നും 25 ലക്ഷം രൂപയോളം തട്ടിയതായി പരാതി. തൃശ്ശൂർ പ്രവർത്തിക്കുന്ന അർബൻ റൂറൽ ഹൗസിങ് ഡെവലപ്‌മെൻറ് ക്ലസ്റ്റർ സൊസൈറ്റിയ്‌ക്കെതിരെ തട്ടിപ്പിന് ഇരയായ ചുവന്നമണ്ണ് സ്വദേശി പീച്ചി പോലീസിൽ പരാതി നൽകി. ചുവന്നമണ്ണ് സ്വദേശി ഇമ്മട്ടി ടിന്റോയാണ് പരാതി നൽകിയത്. സൊസൈറ്റിയുടെ ഡയറക്ടർമാരിൽ ഭൂരിഭാഗവും ഐ.എൻ.എൽ. ജില്ലാ ഭാരവാഹികളാണെന്ന് അദ്ദേഹം പറഞ്ഞു. തട്ടിപ്പിന് ഇരയായ ബാക്കിയുള്ള ഒമ്പത് പേരും പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.
സ്ഥലം ഉൾപ്പെടെ വീട് പണിത് നൽകുന്ന പദ്ധതിയാണ് എന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിൽ നിന്നും പണം വാങ്ങിയത്. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി യാതൊരു വിധത്തിലുള്ള പണികളും നടത്താത്തതിനെ തുടർന്നാണ് പരാതിയുമായി ആളുകൾ രംഗത്തെത്തിയത്. മൊത്തം പദ്ധതി ചെലവിന്റെ നാലിലൊരുഭാഗം അപേക്ഷകർ കൊടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതിക്കാരുടെ കൈയ്യിൽ നിന്നും പണം വാങ്ങിയത്. പദ്ധതി നടത്തിപ്പിൽ എന്തെങ്കിലും അതൃപ്തി ഉണ്ടെങ്കിൽ ഉടനെ പിന്മാറാം എന്നും സൊസൈറ്റി ഉറപ്പു നൽകിയിരുന്നു. എന്നാൽ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ടിന്റോയെ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. പരാതിയെത്തുടർന്ന് പീച്ചി പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

%20-%20Copy.jpg)
0 Comments