തെക്കുംപാടം തോടും പാലവും അപകടാവസ്ഥയിൽ


പട്ടിക്കാട്. നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള തെക്കുംപാടം പാലം ഇപ്പോൾ അപകടാവസ്ഥയിലാണ്. പാലത്തിന്റെ കോൺക്രീറ്റ് അടർന്ന് തുരുമ്പെടുത്ത കമ്പികൾ പുറത്ത് കാണാം.
ഇരുഭാഗത്തും ഉണ്ടായിരുന്ന കൈവരികളും അപ്രത്യക്ഷമായിരിക്കുന്നു. ഇതിന്റെ കൽക്കെട്ടുകളും തകർച്ച നേരിടുകയാണ്. 15 മീറ്ററോളം വീതിയുള്ള തോടിന് കുറുകെയുള്ള ഈ പാലത്തിന് ഏഴര മീറ്ററോളം മാത്രമാണ് നീളം. കൂടാതെ, പാലത്തിന്റെ അടിയിൽ മധ്യഭാഗത്തുള്ള കരിങ്കൽ തൂണിൽ തോട്ടിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ വന്ന് അടിയുന്നത് മൂലം വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെടുകയും ചെയ്യുന്നു. 

കഴിഞ്ഞ വർഷങ്ങളിൽ ബണ്ട് തകർന്നും തോട് കരകവിഞ്ഞും പ്രദേശത്തെ നിരവധി വീടുകളും കൃഷിയിടങ്ങളും വെള്ളക്കെട്ടിലാകുന്നത് പതിവായിരുന്നു. ഈ വർഷം മഴ ശക്തിപ്പെടാത്തതുകൊണ്ടു മാത്രമാണ് അങ്ങനെയൊരു ദുരിതം നാട്ടുകാർക്ക് ഇതുവരെയും നേരിടേണ്ടി വരാത്തത്. ഇക്കാര്യങ്ങളെല്ലാം


ചൂണ്ടിക്കാട്ടി തോടിന്റെ പുനരുദ്ധാരണവും പാലത്തിന്റെ പുനർനിർമ്മാണവും അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ സി.ഡി. രാജഗോപാൽ സർക്കാർ ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് കാലങ്ങളായി. പഞ്ചായത്ത് സെക്രട്ടറി, ജില്ലാ കളക്ടർ, റവന്യൂ മന്ത്രി, കൃഷിമന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ്, എന്നിവിടങ്ങളിലെല്ലാം പരാതികളും നിവേദനങ്ങളും നൽകിയിട്ടുണ്ട്. 

പാലത്തിന്റെ പുനർനിർമ്മാണം നടത്തേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. റോഡിന്റെ പുനരുദ്ധാരണത്തിന് കെഎൽഡിസി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ നിർമ്മാണം ആരെങ്കിലും ടെണ്ടർ ചെയ്തതായി അറിവില്ല. തെക്കുംപാടം റോഡ് പ്രധാനമന്ത്രി ഗ്രാമീണ സഡക്‌യോജനയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുമെന്ന് എംപി ടി.എൻ പ്രതാപനും അറിയിച്ചിരുന്നു. പാലം കൂടുതൽ സൗകര്യത്തോടെ പുനർ നിർമ്മിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം പൊതുമരാമത്ത് വകുപ്പ് ഇതുവരെയും പരിഗണിച്ചിട്ടില്ല. പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളിലൊന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നു വരുന്നില്ല എന്നുള്ളതാണ് വാസ്തവം. ഇക്കാര്യങ്ങളെകുറിച്ചുള്ള അന്വേഷണവുമായി പഞ്ചായത്ത് അധികൃതരെ സമീപിക്കുമ്പോൾ ഒന്നിനും വ്യക്തമായ മറുപടിയില്ല. പാണഞ്ചേരിയിലെ മിക്ക വാർഡുകളിലൂടെയും കടന്നുപോകുന്ന തെക്കുംപാടം തോടിന്റെ നവീകരണത്തെക്കുറിച്ച് പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്യണമെന്നും നടപടികൾ വേഗത്തിലാക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.




Post a Comment

0 Comments