കളഞ്ഞു കിട്ടിയ ഇരുപതിനായിരം രൂപ ഉടമസ്ഥന് നൽകി യുവാവ് മാതൃകയായി


പട്ടിക്കാട്. എടപ്പലം ചിറക്കുന്ന് സ്വദേശി തത്തനായി വീട്ടിൽ സന്തോഷാണ് കളഞ്ഞു കിട്ടിയ ഇരുപതിനായിരം രൂപ ഉടമസ്ഥന് നൽകി മാതൃകയായത്. മഞ്ഞക്കുന്ന് സ്വദേശി ജോസഫിന്റെ പണം ഞായറാഴ്ച പീച്ചി റോഡ് ജങ്ഷനിൽ വെച്ച് നഷ്ടമായിരുന്നു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇയാളുടെ പണം റോഡിൽ തെറിച്ച് വീഴുകയും സമീപത്ത് നിന്നിരുന്ന സന്തോഷിന് കിട്ടുകയും ചെയ്തു. ഉടനെ ജോസഫിനെ വിളിച്ച് പണം തിരികെ നൽകാൻ സന്തോഷ് ശ്രമിച്ചെങ്കിലും അയാൾ ശ്രദ്ധിക്കാതെ കടന്നുപോയതിനെ തുടർന്ന് പണം അടങ്ങിയ പഴ്‌സ് പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. പോലീസ് പഴ്‌സ് പരിശോധിച്ചപ്പോഴാണ് ഇരുപതിനായിരം രൂപയോളം ഉള്ളതായി കണ്ടെത്തിയത്. തുടർന്ന് ജോസഫിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി സിപിഒ മാരായ സനിൽകുമാർ, വിഷ്ണു എന്നിവരുടെ സാന്നിധ്യത്തിൽ സന്തോഷ് പഴ്‌സും പണവും കൈമാറി.




Post a Comment

0 Comments