പട്ടിക്കാട്. വാണിയംപാറ മേലേചുങ്കം ജങ്ഷനിൽ അടിപ്പാത നിർമ്മിക്കുമെന്ന ഹൈവേ അതോറിറ്റിയുടെ ഉറപ്പ് പാഴ് വാക്കായി. ഏറ്റവും ഒടുവിൽ, കഴിഞ്ഞ മാർച്ചിലാണ് വാണിയംപാറ മേലേ ചുങ്കത്ത് അടിപ്പാത നിർമ്മിക്കാൻ അനുമതിയായതായി ഹൈവേ അതോറിറ്റി അറിയിച്ചത്. മണ്ണുത്തി വടക്കുഞ്ചേരി ആറുവരി പാതയുടെ നിർമ്മാണത്തിന്റെ തുടക്കകാലം മുതൽ തന്നെ മേലേ ചുങ്കത്ത് അടിപ്പാത വേണമെന്ന ആവശ്യം ശക്തമായിരുന്നു. കാരണം, ആറുവരി പാതയിൽ ഏറ്റവും അപകടസാധ്യതയുള്ള ജങ്ഷനുകളിൽ ഒന്നാണ് ഈ പ്രദേശം. നൂറുകണക്കിന് കാൽനടക്കാർക്കും വാഹനങ്ങൾക്കും ഇവിടെ ദേശീയപാത കുറുകെ കടക്കേണ്ടതുണ്ട്. കുറുകെ കടക്കുന്നതിനിടെ വാഹനങ്ങൾ ഇടിച്ചുണ്ടായ അപകടങ്ങളിൽ ഒട്ടേറെ വിലപ്പെട്ട ജീവനുകളാണ് നടുറോഡിൽ പൊലിഞ്ഞത്. ഇരുഭാഗത്തുനിന്നും ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയം വെച്ചാണ് വിദ്യാർത്ഥികളും പ്രായമായവരും ഉൾപ്പെടെയുള്ള കാൽനടക്കാർ ഹൈവേ കുറുകെ കടക്കുന്നത്.
എളനാട്, പഴയന്നൂർ, ചേലക്കര, കണ്ണമ്പ്ര, പുതുക്കോട് എന്നീ മേഖലകളിൽ നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഇവിടെ ഹൈവേ ക്രോസ് ചെയ്യണം. ഇതിനിടയിലൂടെയാണ് കാൽനടക്കാർ ജീവനും കൊണ്ട് ഓടുന്നത്. അതീവ അപകടകരമായ സാഹചര്യമായിട്ടും വെറും പ്രഖ്യാപനമല്ലാതെ പണികൾ തുടങ്ങാനുള്ള ഒരു നീക്കവും ഇതുവരെയും ഹൈവേ അതോറിറ്റിയിൽ നിന്നും ഉണ്ടായിട്ടില്ല. കല്ലിടുക്കിൽ അടിപ്പാത നിർമ്മിക്കണമെന്ന കോടതി ഉത്തരവുണ്ടായിരുന്നു. മുടിക്കോട് ജങ്ഷനിൽ അടിപ്പാത നിർമ്മിക്കുമെന്ന് അതോറിറ്റി ഉറപ്പുനൽകിയിട്ട് വർഷങ്ങളായി. എന്നാൽ ഇവിടങ്ങളിലൊന്നും കാര്യങ്ങൾ ഒരിഞ്ചു പോലും മുന്നോട്ടു പോയിട്ടില്ല. ഇനിയും എത്ര അപകടങ്ങളും മരണങ്ങളും ഉണ്ടായാലാണ് അടുത്ത പ്രഖ്യാപനം വരൂ എന്നു മാത്രമേ നോക്കാനുള്ളൂ.
.jpg)

0 Comments