പട്ടിക്കാട്. സ്‌റ്റോപ്പിൽ നിർത്തിയില്ലെന്ന് ആരോപിച്ച് യുവാക്കൾ കെഎസ്ആർടിസി ബസ് തടഞ്ഞു. മുടിക്കോട് ബസ് സ്‌റ്റോപ്പിൽ കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് ബസ് നിർത്തിയില്ലെന്ന് ആരോപിച്ചാണ് യുവാവും സുഹൃത്തുക്കളും ചേർന്ന് ബസ് തടഞ്ഞത്. ഇതോടെ അർദ്ധരാത്രിയിൽ മണിക്കൂറുകളോളം ബസ് റോഡിൽ കിടന്നു.
തിരുവനന്തപുരത്തുനിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തൃശൂരിൽ നിന്നു കയറിയ യുവാവ് മുടിക്കോട് സ്‌റ്റോപ്പിൽ ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പട്ടിക്കാട് ബസ് സ്‌റ്റോപ്പിൽ മാത്രമേ ഫെയർ സ്‌റ്റേജ് പ്രകാരം നിർത്താനാവൂ എന്ന് കണ്ടക്ടർ അറിയിച്ചു. എന്നാൽ അർദ്ധരാത്രിക്ക് ശേഷം യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് നിർത്തിക്കൊടുക്കാൻ നിയമമുണ്ടെന്ന് യുവാവും വാദിച്ചു. കണ്ടക്ടറോട് ബസ് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ തന്നെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായതെന്നും യുവാവ് പറഞ്ഞു. തുടർന്ന് പീച്ചി പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരുടെ കൈയ്യിൽ നിന്നും പരാതി എഴുതിവാങ്ങി പിന്നീട് ഇരുകൂട്ടരും പരാതി ഒത്തുതീർപ്പാക്കി തിരിച്ചു പോവുകയും ചെയ്തു. റിസർവേഷൻ ഉള്ള ബസ്സിൽ കയറുന്നതിന് പാലക്കാട് ഉൾപ്പെടെ യാത്രക്കാർ കാത്തുനിൽക്കുകയാണെന്നും ബസ് ഒന്നരമണിക്കൂർ വൈകിയാണ് ഓടുന്നതെന്നുമായിരുന്നു ബസ് ജീവനക്കാരുടെ വാദം. കെഎസ്ആർടിസി ബസ് ജീവനക്കാരുടെ യാത്രക്കാരോടുള്ള സമീപനത്തെ കുറിച്ചു മുൻപും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.


0 Comments