കോരംകുളം ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം


തെക്കുംപാടം. കോരംകുളം ശ്രീ മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ഭണ്ഡാരങ്ങൾ തകർന്നത് ഉൾപ്പെടെ ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. പ്രധാന വാതിലിന്റെ ഓടാമ്പലും കുറ്റിയും തകർത്ത് അകത്തു കയറിയ മോഷ്ടാവ് ക്ഷേത്രത്തിനകത്തെ രണ്ട് പ്രധാന ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് പണം കവർന്നു. ശ്രീകോവിലിന്റെ കതകും കുത്തി തുറന്നിരുന്നു. വഴിപാട് കൗണ്ടറിന്റെ വാതിൽ പൊളിച്ച് അകത്തു കടന്ന കള്ളൻ അവിടെ ഉണ്ടായിരുന്ന രണ്ട് മേശകളും കുത്തിത്തുറന്നെങ്കിലും അതിൽ പണം ഉണ്ടായിരുന്നില്ല. സ്‌റ്റോർ റൂമിന്റെ താഴും തകർത്ത നിലയിലാണ്. ക്ഷേത്രത്തിന് പുറത്ത് മുൻഭാഗത്ത് ഉണ്ടായിരുന്ന ഭണ്ഡാരവും ഉപദേവതകൾക്ക് മുമ്പിൽ ഉണ്ടായിരുന്ന ഭണ്ഡാരവും തുറന്നിട്ടുണ്ടെങ്കിലും പണം നഷ്ടമായിട്ടില്ല. 

വെള്ളിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെ ക്ഷേത്രത്തിലെത്തിയ കാര്യസ്ഥൻ സതീഷ്‌കുമാർ മേൽവീട്ടിലാണ് മോഷണം നടന്ന കാര്യം ആദ്യം അറിയുന്നത്. ഉടൻ തന്നെ ക്ഷേത്രം ഭരണ സമിതി സെക്രട്ടറിയെ വിവരമറിയിച്ചു. സെക്രട്ടറി പീതാംബരൻ പീച്ചി പോലീസിൽ വിവരമറിച്ചതിനെ തുടർന്ന് സ്‌റ്റേഷൻ ഹൗസ് ഓഫീസർ സിഐ വി.വി വിമൽ, പ്രിൻസിപ്പൽ എസ്‌ഐ ബിപിൻ ബി നായർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പ്രതിക്കായി പോലീസ്  അന്വേഷണം നടത്തിവരികയാണ്. മാസത്തിലൊരിക്കലാണ് ക്ഷേത്രത്തിലെ ഭണ്ഡാരം തുറക്കുക. ഗണേശോത്സവത്തിന് ശേഷം ഭണ്ഡാരം തുറക്കാനിരിക്കുകയായിരുന്നു. 

ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ നിന്നും ഒരു ബൈക്ക് മോഷണം പോയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മോഷ്ടാവ് ബൈക്കിൽ രക്ഷപെടുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.




Post a Comment

0 Comments