കണ്ണാറ. അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് കണ്ണാറ ഉദയപുരം കോളനിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും ഇടതുപക്ഷ സർക്കാർ രണ്ടാമതും അധികാരമേറ്റ ശേഷം തന്റെ നിയോജകമണ്ഡലത്തിലെ മൂന്നാമത്തെ കോളനിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും എന്നും മന്ത്രി പറഞ്ഞു. ഒരു കോടി രൂപ ചിലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ നിർവ്വഹണ ഏജൻസി ജില്ലാ നിർമ്മിതി കേന്ദ്രമാണ്. നിലവിലുള്ള റോഡ് ടാറിങ്, പുതിയ റോഡ് നിർമ്മാണം, സംരക്ഷണഭിത്തി നിർമ്മാണം, സ്ട്രീറ്റ് മെയിൻ വലിക്കൽ തുടങ്ങിയ പ്രവർത്തികളാണ് നടപ്പാക്കുക.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രേഷ്മ സജീഷ്, സംസ്ഥാന നിർമ്മാണ സമിതി കേന്ദ്രം റീജിയണൽ എൻജിനീയർ സതീദേവി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, ഒല്ലൂക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ സന്ധ്യ ടി.എം, പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന രാധാകൃഷ്ണൻ, ആരിഫ റാഫി, അജിത മോഹൻദാസ്, ബീന പൗലോസ്, സുശീല രാജൻ, വാർഡ് വികസന കൺവീനർ എം.ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.


0 Comments