നന്ദന ഇനി കേൾവിയുടെ പുതുലോകത്ത്; കേൾക്കാൻ ആഗ്രഹിച്ചതെല്ലാം കേട്ട സന്തോഷത്തിൽ ബികോം വിദ്യാർത്ഥിനി


തൃശൂർ. ജന്മനാ കേൾവി പരിമിതി ഉണ്ടായിരുന്ന ഗുരുവായൂർ സ്വദേശിനി താഴിശ്ശേരി വീട്ടിൽ നന്ദന ഇനി കേൾവിയുടെ പുതുലോകത്ത്. അമ്മയുടെ വിളി, കിളികളുടെ നാദം, സംഗീതം, അങ്ങനെ കേൾക്കാൻ ആഗ്രഹിച്ചതെല്ലാം കേട്ട ആഹ്ലാദത്തിലാണ് നന്ദന. കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി കെ രാജനും, ജില്ലാ കലക്ടർ വി.ആർ. കൃഷ്ണ തേജയും ചേർന്നാണ് നന്ദനയ്ക്ക് ശ്രവണ സഹായി കൈമാറിയത്. 

ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിൽ ബികോം ഒന്നാംവർഷ വിദ്യാർത്ഥിനിയാണ് നന്ദന. ചായക്കട നടത്തിയാണ് അച്ഛൻ കുടുംബം പുലർത്തിയിരുന്നത്. കാൻസർ ബാധിതയായ അമ്മയുടെ ചികിത്സാ ചെലവും വീട്ടുകാര്യങ്ങളും കൂട്ടിമുട്ടിക്കാൻ ഏറെ പ്രയാസപ്പെടുന്ന അച്ഛൻ ബിനുവിന് മകൾക്ക് ശ്രവണസഹായി വാങ്ങുക എന്നത് വലിയൊരു സ്വപ്നം കൂടിയായിരുന്നു. 

കഴിഞ്ഞ മെയ് മാസത്തിൽ ഗുരുവായൂരിൽ നടന്ന അദാലത്തിൽ സഹായഭ്യർഥനയുമായി എത്തിയ നന്ദനയുടെ ജീവിത സാഹചര്യവും അച്ഛന്റെ നിസ്സഹായാവസ്ഥയും മന്ത്രി കെ രാജന്റെയും ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജയുടെയും മുന്നിൽ എൻ.കെ അക്ബർ എംഎൽഎ വിശദീകരിച്ചിരുന്നു. തുടർന്ന് നന്ദനയ്ക്ക് ശ്രവണ സഹായി എത്തിച്ചുനൽകുമെന്ന് മന്ത്രി കെ രാജൻ ഉറപ്പും നൽകി.  ഇതെ തുടർന്നാണ് 1.80 ലക്ഷം രൂപ വില വരുന്ന ശ്രവണസഹായി നന്ദനയ്ക്ക് ലഭിച്ചത്.




Post a Comment

0 Comments