പീച്ചി. വാട്ടർ അതോറിറ്റിയുടെ തൃശൂരിലേയ്ക്കുള്ള കോൺക്രീറ്റ് (ആർസിസി) പൈപ്പ് ലൈനിൽ ചോർച്ച് ഉണ്ടായതിനെ തുടർന്ന് മയിലാട്ടുംപാറയിൽ റോഡിൽ ഗർത്തം രൂപപ്പെട്ടു. ബുധനാഴ്ച വൈകീട്ട് സ്‌കൂൾ കുട്ടികളുമായി വന്ന ഓട്ടോറിക്ഷ കടന്നുപോകുന്ന സമയത്താണ് റോഡ് ഇടിഞ്ഞ് ഗർത്തം രൂപപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. തലനാരിഴയ്ക്കാണ് വാഹനം മറിയാതെ രക്ഷപെട്ടത്.
പൈപ്പിൽ നിന്നും വൻതോതിൽ ചോർന്നൊലിക്കുന്ന വെള്ളം കുത്തിയൊഴുകി പാലത്തിന്റെ കല്ലുകെട്ടിനോട് ചേർന്നുള്ള മണ്ണ് മുഴുവൻ ഒലിച്ചു പോവുകയായിരുന്നു. ഏകദേശം ഒരു വർഷത്തോളമായി പൈപ്പിൽ ചോർച്ച തുടങ്ങിയിട്ട് എന്നും, അധികൃതർ ആരും തിരിഞ്ഞു നോക്കാറില്ല എന്നും വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ പറഞ്ഞു. പീച്ചിയെയും മയിലാട്ടുംപാറയെയും, തെക്കുംപാടത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ ജെസിൽ, ഓവർസിയർ ആനന്ദ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ഉടൻതന്നെ പൈപ്പിൽ വെൽഡിങ് നടത്തി ചോർച്ച അടക്കുമെന്നും, പ്രദേശത്തെ ഗർത്തം മണ്ണിട്ട് നികത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തൃശൂർ ഭാഗത്തേക്കുള്ള വെള്ളത്തിന്റെ അളവ് കുറയുമെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.


0 Comments