പട്ടിക്കാട്. മലയോര ഹൈവേയുടെ അശാസ്ത്രീയ നിർമ്മാണത്തിന്റെ ഭാഗമായി എടപ്പലത്ത് റോഡിന് കുറുകെ നാലടിയോളം വീതിയിൽ റോഡ് ഇടിഞ്ഞു താഴ്ന്നിരിക്കുകയാണ്. ഇതു വഴി വരുന്ന വാഹനങ്ങൾ ഈ കെണിയിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. കുഴിയിൽ ചാടുന്നതോടെ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാകും. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യതയും ഏറെയാണ്.
ടാറിംഗ് കഴിഞ്ഞ് മാസങ്ങൾക്കുള്ളിലാണ് റോഡ് ഇടിഞ്ഞ് താഴ്ന്നത്. പുതിയ ടാറിങ് ആയതിനാൽ റോഡ് താഴ്ന്നത് പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽ പെടുകയുമില്ല. അപ്രതീക്ഷിതമായി ഈ ഗർത്തത്തിൽ വീണ് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടാൽ വലിയ ദുരന്തമായിരിക്കും ഉണ്ടാവുക. മലയോര ഹൈവേയുടെ പണികളുടെ ഭാഗമായി പീച്ചി റോഡ് ജങ്ഷൻ മുതൽ വിലങ്ങന്നൂർ വരെ പൈപ്പ് ലൈൻ സ്ഥാപിക്കാനായി പലയിടത്തും റോഡിന് കുറുകെ കിടങ്ങുകൾ നിർമ്മിച്ചിരുന്നു. പൈപ്പുകൾ സ്ഥാപിച്ച ശേഷം ഇവിടങ്ങളിൽ മതിയായ രീതിയിൽ മണ്ണ് ഉറപ്പിക്കാത്ത താണ് റോഡ് ഇടിഞ്ഞു താഴുന്നതിന് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
മലയോര ഹൈവേ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. അപകടങ്ങൾക്ക് ഇടയാക്കുന്ന റോഡിലെ അപാകത പരിഹരിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.


0 Comments