പട്ടിക്കാട്. സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷം 2023 എന്ന പദ്ധതിയിയുടെ ഭാഗമായി ജില്ലാ വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവ സംയുക്തമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ സംരംഭക വർഷം 2.0 എന്ന പേരിൽ ശില്പശാല നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജൻ അധ്യക്ഷനായിരുന്നു.
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തൊഴിൽ രഹിതരായ തൊഴിൽ അന്വേഷകർക്ക് സംരംഭം തുടങ്ങുന്നതിന് വേണ്ടിയുള്ള പരിശീലനം, സംരംഭം തുടങ്ങുന്നതിനും വിപുലീകരിക്കുന്നതിനും വിവിധ വകുപ്പുകൾ നൽകിവരുന്ന സബ്‌സിഡി സ്‌കീമുകൾ, സംരംഭവുമായി ബന്ധപ്പെട്ട ലൈസൻസുകൾ മറ്റു നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് ശില്പശാലയുടെ ഭാഗമായി ക്ലാസ്സുകൾ നടത്തി. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ നിന്നും കൂടുതൽ സംരംഭകരെ വാർത്തെടുക്കുന്നതിന് വേണ്ടി ഉള്ള പരിശീലനമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ പറഞ്ഞു.
പഞ്ചായത്ത് അംഗങ്ങളായ ആരിഫ റാഫി, അജിത മോഹൻദാസ്, റെജീന ബാബു, എം.ജെ അനീഷ് തുടങ്ങിയവർ പങ്കെടുത്തു.


0 Comments