കണ്ണാറ. ജൽജീവൻ മിഷന്റെ ഭാഗമായി ആശാരിക്കാട് ആരംഭിക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടത്തി. വാർഡ് മെമ്പർ കെ.വി. അനിതയുടെ അധ്യക്ഷതയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്രസർക്കാരിന്റെ 45 ശതമാനവും സംസ്ഥാന സർക്കാരിന്റെ 30 ശതമാനവും ഗ്രാമപഞ്ചായത്തും ഗുണഭോക്താക്കളും 25 ശതമാനവും വകയിരുത്തി 103.58 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ 2 ടാങ്കുകളും പുത്തൂർ ഗ്രാമപഞ്ചായത്തിൽ 1 ടാങ്കും സ്ഥാപിച്ച് 10000 ൽ അധികം കുടുംബങ്ങൾക്ക് പൈപ്പ് മാർഗം കുടിവെള്ളം നൽകുന്നതാണ് പദ്ധതി. ആദ്യഘട്ടത്തിൽ 64 കോടി രൂപ ചിലവിട്ട് നടപ്പാക്കുന്ന വിതരണ ലൈനുകളുടെ പണികളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. 2024 മാർച്ചിൽ പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
കേരള വാട്ടർ അതോറിറ്റി അസി. എക്‌സി. എഞ്ചിനീയർ ലിറ്റി ജോർജ്ജ്, എ.ഇ അനൂപ്, പഞ്ചായത്ത് അംഗങ്ങളായ ആരിഫ റാഫി, സ്വപ്‌ന രാധാകൃഷ്ണൻ, അജിത മോഹൻദാസ്, പി.എ ദീപു, എം.ജെ അനീഷ്, ആശാരിക്കാട് ബാങ്ക് പ്രസിഡന്റ് കെ.എൻ ഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഐശ്വര്യ ലിന്റോ തുടങ്ങിയവർ പങ്കെടുത്തു.


0 Comments