വഴുക്കുംപാറയിൽ ദേശീയപാത ഇടിയുന്നു; ഗതാഗതത്തെ ബാധിക്കുമോ എന്ന് ആശങ്ക


പട്ടിക്കാട്. ദേശീയപാതയിൽ വഴുക്കുംപാറ മേൽപ്പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. നിലവിൽ ഇരുഭാഗത്തേക്കും വാഹനങ്ങൾ കടന്നുപോകുന്ന പാതയോട് ചേർന്നാണ് മണ്ണിടിയുന്നത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തുടരുന്ന കാര്യത്തിൽ അധികൃതർ ആശങ്കയിലാണ്. മേൽപ്പാതയുടെ വടക്കുഭാഗത്തായി മൂന്ന് മീറ്ററോളം വ്യാസത്തിലാണ് മണ്ണ് ഒലിച്ചുപോയിട്ടുള്ളത്. 30 അടിയോളം ഉയരത്തിൽ മണ്ണിട്ട് നിർമ്മിച്ച റോഡാണിത്. ഇതുവഴി മഴവെള്ളം ഒലിച്ചിറങ്ങുന്നതാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

രണ്ടുമാസം മുൻപ് തെക്കുഭാഗത്തുണ്ടായ മണ്ണിടിച്ചിലിൽ തൃശൂർ ഭാഗത്തേക്കുള്ള പാത തകർന്നിരുന്നു. ഇവിടെ സുരക്ഷാ ഭിത്തിയുടെയും റോഡിന്റെയും പുനർനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അതുകൊണ്ട് നിലവിൽ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്തുകൂടിയാണ് ടൺ കണക്കിന് ഭാരം കയറ്റിയ ചരക്ക് ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇരുഭാഗത്തേക്കും കടന്നുപോകുന്നത്. ഇതും റോഡിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്. ഈഭാഗത്തും റോഡിന് തകർച്ച നേരിട്ടാൽ അത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുകയും കുതിരാൻ വഴിയുള്ള ഗതാഗതം പൂർണ്ണമായും നിലയ്ക്കുകയും ചെയ്യും.




Post a Comment

0 Comments