ആനവാരി വഞ്ചി അപകടം : കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു


വാണിയംപാറ. പീച്ചി റിസർവോയറിൽ ആനവാരിയിൽ വഞ്ചി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്ന് യുവാക്കളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. കൊള്ളിക്കാട് സ്വദേശികളായ കൊട്ടിശ്ശേരിക്കുടിയിൽ പോൾസൻ മകൻ വിബിൻ (26), പ്രധാനി വീട്ടിൽ ഹനീഫ മകൻ നൗഷാദ് എന്ന സിറാജ് (29), ആറുമുഖൻ മകൻ അജിത്ത് (21) എന്നിവരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങൾ തൃശൂർ ജനറൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ഇവർക്കൊപ്പം ഉണ്ടായിരുന്ന മണിയൻ കിണർ മറ്റനായിൽ ശക്തിയുടെ മകൻ ശിവപ്രസാദ് (23) രക്ഷപ്പെട്ടിരുന്നു.

എൻഡിആർഎഫ്, അഗ്‌നിരക്ഷാസേന എന്നിവർ ചേർന്ന് സംയുക്തമായി രാവിലെ 8 മുതൽ നടത്തിയ തിരച്ചിലിൽ ആണ് 11.10 ന് അജിത്തിന്റെയും, 12.00ന് വിബിന്റെയും,  12.50ന് നൗഷാദിന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. 

തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ആണ് അപകടം ഉണ്ടായത്. മരുതുകുഴിയിൽ നിന്നാണ് വഞ്ചിയിൽ യാത്ര തുടങ്ങിയത്. ആനവാരിയിൽ അപകടം സംഭവിക്കുന്നതിന് തൊട്ടു മുമ്പ് ഇവർ വഞ്ചി കരയ്ക്ക് അടുപ്പിച്ചിരുന്നു. അപ്പോൾ ശിവപ്രസാദ് പുറത്തിറങ്ങി. മറ്റ് മൂന്നുപേരും വീണ്ടും റിസർവോയറിലേക്ക് തുഴഞ്ഞു നീങ്ങി. ഇതിനിടെയാണ് ഫൈബർ വഞ്ചി മറിഞ്ഞത്.

റിസർവോയറിൽ കൂടുതൽ ആഴമുള്ള പ്രദേശത്തു വെച്ചാണ് അപകടമുണ്ടായത്. രക്ഷപ്പെട്ട ശിവപ്രസാദ് സമീപത്ത് പ്രവർത്തിക്കുന്ന നഴ്‌സറിയിലെ തൊഴിലാളികളെ വിവരമറിയിച്ചതോടെയാണ് അപകട വാർത്ത പുറംലോകമറിഞ്ഞത്. 

മന്ത്രി കെ. രാജൻ, ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ, തഹസിൽദാർ ടി. ജയശ്രീ, എസിപി പി.എസ്.സുരേഷ്, പീച്ചി പോലീസ് പ്രിൻസിപ്പൽ എസ്‌ഐ ബിപിൻ ബി നായർ, എൻഡിആർഎഫ്, അഗ്‌നിശമനസേന, സ്‌കൂബ ഡൈവേഴ്‌സ് തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.

ഒരു കിലോമീറ്ററിലേറെ റിസർവോയറിനരികിലൂടെ കാൽ നടയായി വേണമായിരുന്നു അപകട സ്ഥലത്ത് എത്താൻ. ലൈഫ് ബോട്ടും, ജനറേറ്ററും മറ്റ് സംവിധാനങ്ങളും ചുമന്നാണ്‌ അപകട സ്ഥലത്ത് എത്തിച്ചത്. ശക്തമായ മഴയും വെളിച്ചക്കുറവും മൂലം തിങ്കളാഴ്ച രാത്രി 11 മണിയോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു.




Post a Comment

0 Comments