പട്ടിക്കാട്. ചുവന്നമണ്ണ് ഉറവുംപാടം കുഴിക്കാട്ടിൽ വീട്ടിൽ ജിജിയുടെ കുടുംബത്തിന് സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി വീടൊരുക്കുന്നു. ഈ കുടുംബം താമസിക്കുന്ന വീടിന്റെ ഭിത്തിയുടെ നിർമാണം നടക്കുന്ന സമയത്താണ് ജിജി സോഫി ദമ്പതികളുടെ ഇളയ മകൾ ആഗ്‌നസിന് സെറിബ്രൽ പാൾസി എന്ന രോഗം ബാധിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ മകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള നെട്ടോട്ടം ആയിരുന്നു കുടുംബം. മെയിൻസ്ലാബ് വാർക്കാനാവാത്ത സാഹചര്യത്തിൽ പഴയ ആസ്‌ബെസ്‌റ്റോസ് ഷീറ്റ് മേഞ്ഞ ചോർന്നൊലിക്കുന്ന വീട്ടിലാണ് അച്ഛനും അമ്മയും പതിനാലും, പത്തും വയസ്സുള്ള രണ്ട് പെൺമക്കളും കഴിഞ്ഞിരുന്നത്. 9 വർഷമായി ആഗ്‌നസ്സിന് സുരക്ഷിതമായ ഒരു മുറി ശരിയാക്കിയെടുക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് സെറാഫ്‌സിന്റെ സഹായഹസ്തം ഈ കുടുംബത്തിന് താങ്ങായി എത്തുന്നത്.
800 സ്‌ക്വയർഫീറ്റ് വലിപ്പമുള്ള വീടിന്റെ മെയിൻ സ്ലാബ് കോൺക്രീറ്റ്, പ്ലാസ്റ്റർവർക്, ഫ്‌ളോർ ടൈൽ വർക്‌സ്, പെയിന്റിങ് അടക്കം നാല് ലക്ഷം രൂപയുടെ ചിലവ് വരുന്ന പണികൾ ആണ് സെറാഫ്‌സ് ചെയ്യുക. ഈ വർഷം മൂന്ന് പുതിയ വീടുകൾ, പത്ത് വീടുകളുടെ പുനർനിർമാണം എന്നിവയാണ് സെറാഫ്‌സ് ലക്ഷ്യമിടുന്നത്. രണ്ട് വീടുകളുടെ പുനർനിർമാണം പൂർത്തിയായി. വിവിധ പദ്ധതികളിലയി 150 കുടുംബങ്ങളിൽ എല്ലാ മാസവും സെറാഫ്‌സിന്റെ സഹായമെത്തുന്നുണ്ട് എന്ന് ജനറൽ കൺവീനർ എബ്രഹാം നാഞ്ചിറ പറഞ്ഞു. അഗ്‌നസ്സിന്റെ വീടിന്റെ ശോചനീയാവസ്ഥ അറിഞ്ഞെത്തിയവരിൽ സെക്രട്ടറി ബിനോയ് മേക്കാട്ടിൽ, ട്രഷറർ പ്രിൻസ് ഇടപ്പാറ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഈശോ ജോയ് പ്ലാമൂട്ടിൽ, ബെന്നി ടി.വി, ഷാജി ടി.എസ് എന്നിവരും ഉണ്ടായിരുന്നു.


0 Comments