അപകടാവസ്ഥയിലായി ചാത്തംകുളം റോഡിലെ കലുങ്ക്


പട്ടിക്കാട്. മുടിക്കോട് ചാത്തംകുളം റോഡിൽ കുളത്തിന് സമീപമുള്ള 40 വർഷം പഴക്കമുള്ള കലുങ്ക് അപകടാവസ്ഥയിലാണ്. കലുങ്കിന്റെ കൽക്കെട്ടും കോൺക്രീറ്റിംഗും തകർച്ചയുടെ വക്കിലാണ്. മുമ്പ് ഇതിനോട് ചേർന്ന് ടാറിംഗ് ഇടിഞ്ഞു താഴ്ന്ന് കുഴി രൂപപ്പെട്ടതും വിള്ളലുണ്ടായതുമെല്ലാം നാട്ടുകാർ മുൻകയ്യെടുത്ത് അടച്ചിരുന്നുവെങ്കിലും അതൊന്നും ശാശ്വത പരിഹാരമായില്ല. 
ബലക്ഷയം സംഭവിച്ച കലുങ്ക് അനുദിനം തകർച്ചയിലേക്ക് നീങ്ങുകയാണ്. റോഡിന് സാമാന്യം വീതിയായതോടെ പണ്ട് നിർമ്മിച്ച കലുങ്ക് ഇപ്പോൾ റോഡിന്റെ മധ്യത്തിലായി. വാഹനത്തിരക്കുള്ള റോഡിലെ ഇടുങ്ങിയ കലുങ്ക് അപകടങ്ങൾക്കും ഇടയാക്കുമെന്ന് നാട്ടുകാർ പറഞ്ഞു. 

പീച്ചി വാഴാനി ടൂറിസം കോറിഡോറിൽ ഉൾപ്പെടുത്തി വികസിപ്പിക്കാനൊരുങ്ങുന്ന റോഡാണ് ഇത്.  ഇതിനു വേണ്ടി റോഡിന്റെ ഇരുഭാഗത്തു നിന്നും ഏറ്റെടുക്കേണ്ട ഭൂമി അളന്ന് അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. കൂടുതൽ അപകടാവസ്ഥയിലായി കലുങ്ക് തകരുന്നതിന് മുമ്പ് റോഡിന്റെ വീതിക്ക് അനുസരിച്ച് പുതിയ കലുങ്ക് നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അനധികൃതമായ കയ്യേറ്റങ്ങളും നികത്തലും മൂലം കലുങ്ക് നിലനിൽക്കുന്ന തോടിന് ഇപ്പോൾ മിക്കയിടത്തും പഴയ വീതിയില്ല. വെള്ളം സുഗമമായി ഒഴുകിപ്പോകാൻ കഴിയാത്ത തരത്തിൽ ഇടുങ്ങിയ ചാലുകളായി മാറി. മഴ ശക്തമായാൽ വെള്ളക്കെട്ട് പതിവാകുന്നതിന്റെ പ്രധാന കാരണം ഇതാണ്. തോടിന്റെ വീതി വീണ്ടെടുക്കാൻ വേണ്ട നടപടികളും പഞ്ചായത്ത് സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.




Post a Comment

0 Comments