തൃശൂർ. സംസ്ഥാന സ്‌കൂൾ കായിക മേളയിൽ പാണഞ്ചേരിയുടെ സുവർണ്ണ താരം അശ്വതി മനോജിന് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉപഹാരം സമ്മാനിച്ചു. തൃശൂരിൽ ചേംബർ ഓഫ് കോമേഴ്‌സ് പ്ലാറ്റിനം ജൂബിലി ആഘോഷം, ചേംബർദിനം എന്നിവയുടെ ഉദ്ഘാടന വേളയിലാണ് അശ്വതിക്ക് ആദരവ് നൽകിയത്. വിവിധ മേഖലകളിൽ മികവു തെളിയിച്ചവർക്കുള്ള പുരസ്‌കാരദാനവും ഗവർണ്ണർ നിർവഹിച്ചു.
കഴിഞ്ഞ വർഷം സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ലോങ് ജംപ്, 100 മീറ്റർ ഹർഡിൽസ്, 4 x 100 മീറ്റർ റിലേ എന്നീ ഇനങ്ങളിൽ സ്വർണ്ണ മെഡലും 100 മീറ്റർ ഓട്ടത്തിൽ വെങ്കലവും അശ്വതി നേടിയിരുന്നു. തൃശൂർ കാൽഡിയൻ സിറിയൻ ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ അശ്വതി വഴുക്കുംപാറ, വലിയതൊടി വീട്ടിൽ മനോജിന്റെയും രശ്മിയുടെയും മൂത്ത മകളാണ്. തൃശ്ശൂരിൽ ഓട്ടോറിക്ഷ തൊഴിലാളിയാണ് മനോജ്.
ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി., പി. ബാലചന്ദ്രൻ എം.എൽ.എ., മേയർ എം.കെ. വർഗീസ്, ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് പി.കെ. ജലീൽ, പ്ലാറ്റിനം ജൂബിലി ആഘോഷക്കമ്മറ്റി ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ, ജീജി ജോർജ്, ജോസി കവലക്കാട്ട് എന്നിവർ പ്രസംഗിച്ചു


0 Comments