മുടിക്കോട് സെന്ററിലെ അപകടമരണം: ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു


പട്ടിക്കാട്. മുടിക്കോട് സെന്ററിൽ നിരന്തരമായി നടക്കുന്ന അപകടങ്ങളിലും മരണങ്ങളിലും പ്രതിഷേധിച്ചുകൊണ്ട് പ്രദേശത്തെ ജനങ്ങളുടെ നേതൃത്വത്തിൽ മുടിക്കോട് സെന്ററിൽ പ്രതിഷേധം സംഘടിപ്പിച്ചു. മുടിക്കോട് സെന്ററിൽ അടിപ്പാത വേണമെന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. മാത്രമല്ല ദേശീയപാതയിലെ വെളിച്ചക്കുറവ് അപകടങ്ങൾക്ക് കൂടുതൽ വഴിയൊരുക്കുന്നതായും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നതായും അവർ പറഞ്ഞു. അടിയന്തരമായി പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം രാത്രിയിൽ ദേശീയപാത മുറിച്ചു കടന്ന വയോധിക പിക്കപ്പ് വാൻ ഇടിച്ച് മരിച്ചിരുന്നു.

പ്രദേശവാസികൾ ഒന്നടങ്കം കാലങ്ങളായി വഞ്ചിക്കപ്പെടുകയാണെന്നും ഇതിൽ പ്രതിഷേധിച്ചുകൊണ്ട് അടിപ്പാത വരുംവരെ രാഷ്ട്രീയത്തിന് അതീതമായ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചുകൊണ്ട് വീണ്ടും അനിശ്ചിതകാല പ്രതിഷേധ സമരങ്ങൾക്ക് തുടക്കം കുറിക്കുമെന്നും കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ് പറഞ്ഞു. മുടിക്കോട് നടന്ന പ്രതിഷേധ കൂട്ടായ്മയിൽ പഞ്ചായത്തംഗം സി.എസ് ശ്രീജു, മുൻ പഞ്ചായത്ത് അംഗം എം.എസ് കുഞ്ഞപ്പൻ, അജി താളിക്കോട് എന്നിവർ സംസാരിച്ചു.




Post a Comment

0 Comments