ഇന്ത്യയുടെ മണ്ണും മനസ്സും തൊട്ടറിഞ്ഞ് യാത്ര: ഭാരത പര്യടനം പൂർത്തിയാക്കി പ്രസീദ് തിരിച്ചെത്തി


പട്ടിക്കാട്. ഇരുപത് സംസ്ഥാനങ്ങളിലൂടെ ഇരുപതിനായിരം കിലോമീറ്ററുകളിലേറെ താണ്ടിയുള്ള യാത്ര. ഇന്ത്യയുടെ ഹൃദയ ഭൂമികയിലൂടെ  നടത്തിയ പര്യടനം പൂർത്തിയാക്കി പ്രസീദ്  തിരിച്ചെത്തി. മനുഷ്യരെ സ്‌നേഹിക്കാം പ്രകൃതിയെ സ്‌നേഹിക്കാം എന്ന സന്ദേശമുയർത്തി കഴിഞ്ഞ ജൂൺ 10 നാണ് പട്ടിക്കാട് പടിക്കലാത്ത് വീട്ടിൽ പ്രസീദ് തന്റെ ബുള്ളറ്റ് മോട്ടോർസൈക്കിളിൽ സുദീർഘവും അപൂർവവുമായ യാത്ര തുടങ്ങിയത്. 

റവന്യൂ മന്ത്രി കെ രാജൻ ആശംസകൾ നേർന്നുകൊണ്ട് പ്രസീദിന്റെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. കന്യാകുമാരി മുതൽ കാശ്മീർ വരെയും കൽക്കട്ട മുതൽ വഡോദര വരെയും ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള യാത്രയായിരുന്നു അത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളൊഴികെ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലൂടെയും ഏതാനും കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും പ്രസീദ് സഞ്ചരിച്ചു. 

ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഒഡിഷ, പശ്ചിമബംഗാൾ, ബീഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമീണ ജീവിതം, കൃഷി, ജീവിത രീതികൾ എന്നിവയെല്ലാം നേരിൽ കണ്ടറിഞ്ഞു. ലഡാക്ക് മേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് 17,582 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോർസൈക്കിൾ പാതയായ ഖാർത്തുംഗ് ലാ യിലൂടെയും യാത്ര നടത്തി. ഇന്ത്യയിലെ മഹാനഗരങ്ങളും ചരിത്രമുറങ്ങുന്ന പുരാനഗരങ്ങളും സ്മാരകങ്ങളുമെല്ലാം പുതിയ അനുഭവങ്ങളും അറിവുകളും സമ്മാനിച്ചതായി പ്രസീദ് പറഞ്ഞു. 

യാത്ര പൂർത്തിയാക്കി പട്ടിക്കാട് തിരിച്ചെത്തിയ പ്രസീദിന് മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ പട്ടിക്കാട് വെച്ച് സ്വീകരണം നൽകി. പോലീസ് സ്‌റ്റേഷനിൽ വെച്ച് നടന്ന പരിപടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, പ്രിൻസിപ്പൽ എസ്‌ഐ ബിപിൻ ബി നായർ, ലാലീസ് ഗ്രൂപ്പ് ഡയറക്ടർമാരായ കെ.പി. ഔസേഫ്, പോൾ ജോസഫ്, പഞ്ചായത്ത് അംഗങ്ങൾ,  മാത്യു നൈനാൻ, സനിൽ വാണിയംപാറ എന്നിവർ ഉൾപ്പെടെ പാർട്ടി ഭാരവാഹികൾ, പ്രവർത്തകർ വിവിധ സംഘടന കളുടെ പ്രതിനിധികൾ, പൊതു പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments