പട്ടിക്കാട്. ദേശീയപാതയിൽ വഴുക്കുംപാറയിലെ തകർന്ന റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ സ്ഥലത്തെത്തി. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെയാണ് കളക്ടർ സ്ഥലം സന്ദർശിച്ചത്. ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ ബിബിൻ മധു, കെഎംസി പിആർഒ അജിത് കുമാർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
സ്ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി പാത സഞ്ചാരയോഗ്യമാക്കാൻ ദേശീയപാത അതോറിറ്റിക്ക് കളക്ടർ നിർദ്ദേശം നൽകി. 45 ശതമാനം പണികളാണ് ഇപ്പോൾ പൂർത്തിയാക്കിയിട്ടുള്ളത്. റോഡ് പുനർനിർമാണത്തിന് ദേശീയപാത അതോറിറ്റി 120 ദിവസം സമയമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മൂന്നുമാസത്തോളം സമയം ഇതിനോടകം പൂർത്തിയായി. എന്നാൽ കാലാവസ്ഥ പ്രതികൂലമായതും തൊഴിലാളികളുടെ കുറവുമാണ് പ്രവർത്തന പുരോഗതി വൈകാൻ കാരണമെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ വ്യക്തമാക്കി. തൊഴിലാളികളുടെ കുറവ് ഉടൻ പരിഹരിക്കാനും കളക്ടർ നിർദേശം നൽകി.


0 Comments