പുത്തൂർ. 109 വയസ്സു പൂർത്തീകരിച്ച ജാനകി മുത്തശ്ശിയെ തേടി റവന്യൂ മന്ത്രി കെ. രാജൻ വീട്ടിലെത്തി. വാർധക്യത്തിന്റെ അവശതകൾ ഇല്ലാതെ ഇന്നും ഊർജസ്വലയായി മക്കളോടും കൊച്ചുമക്കളോടുമൊപ്പം കഴിയുന്ന മുത്തശ്ശിയെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ലോക വയോജന ദിനത്തിലാണ് തൃശൂർ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ജാനകി മുത്തശ്ശിയെ ആദരിക്കാൻ മന്ത്രി എത്തിയത്. പുത്തൂർ ചെറുക്കുന്ന് കിണർ സ്‌റ്റോപ്പിന് സമീപമാണ് വട്ടുകുളം വീട്ടിൽ ജാനകിയുടെ കുടുംബം താമസിക്കുന്നത്. 1914 കർക്കിടക മാസത്തിലാണ് ജാനകി ജനിച്ചത്. തെളിവുകളുടേയും രേഖകളുടേയും അടിസ്ഥാനത്തിലാണ് 109 വയസ്സ് എന്ന പ്രായം കണക്കാക്കിയത്. ഭർത്താവ് രാവുണ്ണി വർഷങ്ങൾക്ക് മുമ്പ് മരിച്ചു. ഈ പ്രായത്തിലും കൃത്യമായ ഭക്ഷണക്രമവും ജോലിയും വിശ്രമവുമാണ് ആരോഗ്യത്തിന്റെ രഹസ്യമെന്ന് ജാനകി മുത്തശ്ശി പറഞ്ഞു. കാഴ്ച ശക്തിക്കും ഓർമ്മശക്തിക്കും ഇപ്പോഴും ഒരു കുഴപ്പവുമില്ല. ജാനകിയെ ആദരിക്കുന്നതിന് മന്ത്രിയോടൊപ്പം പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ് സജിത്ത്, മെമ്പർമാരായ നിമിഷ രതീഷ്, സുജിത അർജുനൻ, ധന്യ ബിജു എന്നിവരും ഉണ്ടായിരുന്നു.


0 Comments