തിരുവനന്തപുരം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 15,000 കുടുംബങ്ങൾക്കുള്ള 'അന്ത്യോദയ അന്നയോജന' റേഷൻ കാർഡുകളുടെ (എ.എ.വൈമഞ്ഞ) സംസ്ഥാനതല വിതരണോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. അനധികൃതമായി കൈവശം വച്ചിരിക്കുന്നവരിൽ നിന്ന് പിടിച്ചെടുത്ത കാർഡുകളാണ് 15,000 അർഹരായ കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു മന്ത്രി ജി. ആർ അനിൽ പറഞ്ഞു. അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു.
ഭക്ഷ്യപൊതുവിതരണ മേഖല കൂടുതൽ സുതാര്യമാക്കാനുള്ള പരിശ്രമങ്ങളാണ് ഇപ്പോഴത്തെ സർക്കാർ നടത്തിവരുന്നതെന്ന് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. അതിന്റെ ഭാഗമായിട്ടാണ് വകുപ്പിന്റെ കീഴിൽ വരുന്ന എല്ലാ ഓഫീസുകളും ഇ-ഓഫീസുകളായി മാറ്റിയത്. ഇന്ത്യയിൽ പൂർണമായും റേഷൻകാർഡുകൾ ആധാറുമായി ബന്ധിപ്പിച്ച ആദ്യ സംസ്ഥാനം കേരളമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മാരകരോഗങ്ങൾക്കുള്ള ചികിത്സയ്ക്കും റേഷൻ ആനുകൂല്യങ്ങൾക്കുമായി റേഷൻ കാർഡ് തരം മാറ്റി മുൻഗണനാ വിഭാഗത്തിലാക്കാനുള്ള പതിനായിരക്കണക്കിന് അപേക്ഷകളാണ് പ്രതിമാസം സർക്കാരിന് ലഭിക്കുന്നത്. മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അനർഹരെ ഒഴിവാക്കുന്നതിലൂടെ മാത്രമെ അർഹരായ പാവപ്പെട്ട ജനവിഭാഗത്തിന്മുൻഗണനാ കാർഡുകൾ ലഭ്യമാക്കാൻ കഴിയൂ. ഭക്ഷ്യ വകുപ്പിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ് റേഷൻകാർഡുകളുടെ ശുദ്ധീകരണം. ഇതിനായി ഈ സർക്കാർ നിരവധി പ്രവർത്തനങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


0 Comments