പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ എന്നിവിടങ്ങളിലെ അടിപ്പാതകൾക്ക് ടെണ്ടർ ക്ഷണിച്ചതായി എംപി ടി.എൻ പ്രതാപൻ പറഞ്ഞു. വഴുക്കുംപാറയിലെ തകർന്ന റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. ഇതോടൊപ്പം തൃശൂർ പാർലിമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ട ആമ്പല്ലൂരിൽ അടിപ്പാതയ്ക്കും പാലിയേക്കരയിൽ ഫുട് ഓവർബ്രിഡ്ജിനും ടെണ്ടർ ക്ഷണിച്ചതായി എംപി അറിയിച്ചു. ദേശീയപാത 544ൽ വാളയാർ അങ്കമാലി സെക്ഷനിൽ ആകെ പതിനൊന്ന് അടിപ്പാതകൾക്കാണ് ടെണ്ടർ ക്ഷണിച്ചിട്ടുള്ളത്. മുളയത്ത് അടിപ്പാതയ്ക്ക് വേണ്ടിയുള്ള ശ്രമം നടക്കുന്നതായും എംപി പറഞ്ഞു.
ദേശീയപാത 544 ൽ അപകടങ്ങൾ ഏറ്റവുമധികം ഉണ്ടാകുന്ന 'ബ്ലാക്ക് സ്‌പോട്ട്' പ്രദേശങ്ങളിലാണ് എംപിയുടെ ആവശ്യപ്രകാരം അടിപ്പാതയും ഫുട്ട് ഓവർ ബ്രിഡ്ജും നിർമ്മിക്കുന്നത്. ഫിനാൻഷ്യൽ ബിഡും ടെക്‌നിക്കൽ ബിഡും 2023 നവംബർ 20 വരെ സമർപ്പിക്കാവുന്നതാണ്. നവംബർ 21ന് ടെണ്ടറുകൾക്ക് അംഗീകാരം നൽകും.
പ്രസ്തുത മേഖലയിൽ 11 അണ്ടർപാസുകളും ഒരു ഫുട് ഓവർബ്രിഡ്ജും നിർമ്മിക്കുന്നതിന് 425.58 കോടി രൂപക്കാണ് ടെണ്ടർ ക്ഷണിച്ചിട്ടുള്ളത്. ഇതിൽ തൃശ്ശൂർ ജില്ലയിൽ 8 അടിപ്പാതകളും ഒരു ഫുട് ഓവർ ബ്രിഡ്ജിനും 345 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വാണിയമ്പാറ, കല്ലിടുക്ക്, മുടിക്കോട്, ആമ്പല്ലൂർ എന്നിവയ്ക്ക് പുറമെ ചാലക്കുടി പാർലിമെന്റ് മണ്ഡലത്തിലെ പേരാമ്പ്ര, മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര, എന്നിടങ്ങളിൽകൂടി അടിപ്പാതയും പാലിയേക്കരയിൽ ഫുട് ഓവർ ബ്രിഡ്ജുമാണ് തൃശ്ശൂർ ജില്ലയിൽ നിർമ്മിക്കുന്നത്. 5 വർഷം മെയിന്റനൻസ് കാലാവധിയുള്ള ഈ പ്രവർത്തികൾ ഒന്നരവർഷത്തിനുള്ളിൽ പൂർത്തീകരിക്കും.
ഈ പ്രവർത്തികളുടെ നിർമ്മാണോൽഘാടനം 2023 ഒക്ടോബർ 21 ന് വിവിധ ദേശീയപാത പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി നിർവ്വഹിക്കാൻ സാധ്യതയുള്ളതായി എംപി ടി.എൻ പ്രതാപൻ അറിയിച്ചു. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ടുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
എംപി ടി.എൻ പ്രതാപനോടൊപ്പം കോൺഗ്രസ് നേതാക്കളായ കെ.സി അഭിലാഷ്, കെ.എൻ വിജയകുമാർ, കെ.പി ചാക്കോച്ചൻ, ബാബു പാണംകുടി, കെ.എം പൗലോസ്, സി. മോഹനൻ, സാലി തങ്കച്ചൻ എന്നിവരും വഴുക്കുംപാറയിൽ സന്ദർശനം നടത്തി.


0 Comments