കണ്ണാറ. തകർന്ന് തരിപ്പിണമായ കമ്പനിപ്പടി മണ്ടൻചിറ റോഡ് പഞ്ചായത്തും നാട്ടുകാരും ചേർന്ന് സഞ്ചാരയോഗ്യമാക്കി. മാസങ്ങളായി തകർന്ന് കിടന്നിരുന്ന റോഡിൽ മഴ ആരംഭിച്ചതോടെ വലിയ വെള്ളക്കെട്ട് ഉണ്ടാകുകയും റോഡിലെ കുഴികൾ വ്യക്തമാകാത്ത നിലയിലുമായിരുന്നു. ഇതോടെ ഇതുവഴിയുള്ള യാത്ര ഏറെ ദുരതമാകുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് വാർഡ് മെമ്പർ സുശീല രാജൻ അടിയന്തരമായി ഇടപെട്ട് പഞ്ചായത്തിൽ നിന്നും 5 ലോഡ് ക്വാറി വേസ്റ്റ് അടിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തത്. എന്നാൽ ക്വാറി വേസ്റ്റ് റോഡിൽ നിരത്തുന്നതിനും മറ്റുമുള്ള ഫണ്ട് ലഭ്യമാകാത്തതിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ പണം മുടക്കി ജെസിബിയും റോഡ് റോളറും കൊണ്ടുവന്ന് റോഡ് സഞ്ചാരയോഗ്യമാക്കുകയായിരുന്നു.
റോഡിന്റെ റീടാറിങ്ങിനായി എംഎൽഎ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായി വാർഡ് മെമ്പർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് എൻഒസി നൽകിയിട്ടുണ്ട്. തുടർന്ന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായാൽ ടെൻഡർ നടപടികളിലേയ്ക്ക് കടക്കുമെന്നും വാർഡ് മെമ്പർ സുശീല രാജൻ അറിയിച്ചു.


0 Comments