പുത്തൂർ സ്വദേശിയുടെ ഇടപെടൽ: മഞ്ഞക്കുന്ന് റോഡിലെ പാലത്തിന് കൈവരി സ്ഥാപിച്ചു


പട്ടിക്കാട്. മഞ്ഞക്കുന്നിൽ നിന്നും മണ്ടൻചിറയിലേയ്ക്ക് പോകുന്ന റോഡിലെ തോടിന് കുറുകെയുള്ള പാലത്തിന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അധികൃതർ കൈവരി സ്ഥാപിച്ചു. പഞ്ചായത്തിലെ പത്ത്, പതിനൊന്ന് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ കൈവരി തകർന്നതാണ് ഇരുചക്രവാഹന യാത്രക്കാർക്ക് അപകടഭീഷണിയായത്. മൂന്ന് ഭാഗത്ത് നിന്ന് റോഡുകൾ വന്നു ചേരുന്ന സ്ഥലവും അതോടൊപ്പം വളവും കൂടിയുള്ളതിനാൽ അപകടസാധ്യത ഏറെയായിരുന്നു. എതിർ ദിശയിൽ വാഹനം വന്നാൽ വശം ചേർന്ന് കടന്നുപോകാൻ ശ്രമിക്കുന്ന ബൈക്ക് യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാകുകയും ചെയ്തു. 

ഇത് ചൂണ്ടിക്കാട്ടി പുത്തൂർ പഞ്ചായത്തിലെ ചെമ്പംകണ്ടം സ്വദേശി ഐക്കരോട്ട് പറമ്പിൽ തോമസ് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നൽകിയ പരാതിയിലാണ് പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഇടപെട്ട് യാത്രക്കാർക്ക് സുരക്ഷ ഒരുക്കിയത്. 

മാസങ്ങൾക്ക് മുൻപ് സുഹൃത്തായ മേലേച്ചിറ സ്വദേശി ജിൻസിന്റെ വീട്ടിൽ പോയി മടങ്ങിവരുന്ന വഴിക്കാണ് പ്രദേശത്തെ അപകടാവസ്ഥ തോമസിന്റെ ശ്രദ്ധയിൽ പെട്ടത്. ഭാര്യയുമൊത്ത് ബൈക്കിൽ വരികയായിരുന്ന തോമസ് എതിരെ വന്ന വാഹനത്തിന് കടന്നുപോകാൻ പാലത്തിന് മുകളിൽ ബൈക്ക് നിർത്താൻ ശ്രമിക്കുകയായിരുന്നു. പെട്ടെന്നാണ് കൈവരിയില്ലാത്ത പാലത്തിന് താഴേക്ക് വലിയ ഗർത്തം ശ്രദ്ധയിൽ പെട്ടതും വാഹനം അപകടത്തിൽപ്പെടാതെ നിയന്ത്രിക്കാൻ സാധിച്ചതും. അന്ന് തലനാരിഴയ്ക്കാണ് തോമസും ഭാര്യയും വലിയ അപകടത്തിൽ നിന്ന് രക്ഷപെട്ടത്. തുടർന്നാണ് പ്രദേശത്ത് പാലത്തിന് കൈവരി സ്ഥാപിച്ച് യാത്രക്കാർക്ക് സുരക്ഷയൊരുക്കണം എന്ന ആവശ്യവുമായി തോമസ് പഞ്ചായത്ത് അധികൃതരെ സമീപിച്ചത്.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന തോമസ് ഹ്യൂമാനിറ്റീസ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടനയുടെ പ്രസിഡന്റ് കൂടിയാണ്. മാത്രമല്ല പാവപ്പെട്ട ആളുകൾക്ക് വീട് വെച്ച് നൽകുന്നതിനായി 50 സെന്റ് സ്ഥലം സൗജന്യമായി നൽകുകയും ചെയ്തിട്ടുണ്ട്.




Post a Comment

0 Comments