പട്ടിക്കാട്. പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ചെമ്പൂത്രയിൽ ഭൂവുടമകളുടെ ആദ്യഘട്ട യോഗം ചേർന്നു. ടെൻഡർ നടപടികൾ ആരംഭിച്ച പാണഞ്ചേരി-താളിക്കോട്-ചെമ്പൂത്ര റോഡിന്റെ ഇരുവശത്തുമുള്ള പാണഞ്ചേരി, ചെമ്പൂത്ര, മുടിക്കോട് വാർഡുകളിലെ ഭൂവുടമകളുടെ യോഗമാണ് ചേർന്നത്. നിലവിലുള്ള റോഡിന്റെ സ്‌കെച്ച് എടുത്ത് വീതി അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിന് യോഗം തീരുമാനിച്ചു. അതിനുശേഷം വീണ്ടും യോഗം ചേർന്ന് അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതുൾപ്പെടെയുള്ള തുടർ നടപടികളെക്കുറിച്ച് ആലോചിക്കും. 8 മീറ്റർ വീതി ഉണ്ടെങ്കിൽ മാത്രമേ കാനകൾ ഉൾപ്പെടെയുള്ള റോഡിന്റെ നിർമ്മാണം പദ്ധതി പ്രകാരം പൂർത്തിയാക്കാൻ സാധിക്കൂ എന്ന് പഞ്ചായത്ത് അംഗങ്ങൾ അറിയിച്ചു.
ചെമ്പൂത്ര അമ്മ കല്യാണ മണ്ഡപത്തിൽ വെച്ച് നടന്ന യോഗത്തിൽ രണ്ടാം വാർഡ് മെമ്പറും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. 23-ാം വാർഡ് മെമ്പർ ആരിഫ റാഫി, 1-ാം വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ എന്നിവരും പങ്കെടുത്തു. യോഗത്തിൽ 150ൽ അധികം ഭൂവുടമകളും പങ്കെടുത്തു. അഞ്ചര കിലോമീറ്ററിലധികം നീളമുള്ള ഈ റോഡിൽ കാനകൾ, നാലു കൾവർട്ടുകൾ എന്നിവ ഉൾപ്പെടെ ഫുൾ ഡെപ്ത്ത് റിക്ലമേഷൻ എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റോഡ് നിർമ്മിക്കുന്നത്.


0 Comments