ഒളകര കോളനിയിൽ ഭൂമി വിതരണത്തിനുള്ള നടപടികൾ വേഗത്തിലാക്കും: മന്ത്രി കെ രാജൻ


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ ഒളകര കോളനി നിവാസികളായ 44 കുടുംബങ്ങൾക്ക് വനാവകാശ നിയമപ്രകാരം ഭൂമി ലഭ്യമാക്കുന്നതിനു മുന്നോടിയായുള്ള സർവ്വേ നടപടികൾ ബുധനാഴ്ചയോടെ പൂർത്തിയാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. സർവ്വേ നടപടികൾ ഉൾപ്പെടെ ഭൂവിതരണവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഒളകര കോളനി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 

ഒക്ടോബർ അഞ്ചിന് ആരംഭിച്ച് ഡിസംബർ അഞ്ചോടെ സർവേ നടപടികൾ പൂർത്തീകരിക്കാനായിരുന്നു തീരുമാനമെങ്കിലും റെക്കോഡ് വേഗത്തിലാണ് സർവ്വേ നടപടികൾ പുരോഗമിച്ചതെന്ന് മന്ത്രി പറഞ്ഞു. ആകെയുള്ള 45 കൈവശങ്ങളിൽ 42 എണ്ണത്തിലും സർവ്വേ പൂർത്തിയായി. ബാക്കി മൂന്നിടങ്ങളിലെ സർവ്വേ ഒക്ടോബർ 25 ബുധനാഴ്ചയോടെ പൂർത്തീകരിക്കും. ഇതിന് നേതൃത്വം നൽകിയ ജില്ലാ കലക്ടർ, സർവ്വേ, റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥർ, പൂർണ പിന്തുണ നൽകിയ കോളനി നിവാസികൾ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. കോളനി നിവാസികൾക്ക് ഭൂമി വിതരണം ചെയ്യുന്നതോടൊപ്പം കോളനി നിവാസികൾക്കാവശ്യമായ വീടുകൾ, റോഡ്, കമ്മ്യൂണിറ്റി ഹാൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോവുമെന്നും മന്ത്രി പറഞ്ഞു. 

ജില്ലാ കലക്ടർ വി.ആർ കൃഷ്ണതേജ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, വാർഡ് അംഗം സുബൈദ അബൂബക്കർ, സബ് കലക്ടർ മുഹമ്മദ് ഷെഫീഖ്, അസിസ്റ്റന്റ് കലക്ടർ കാർത്തിക് പാണിഗ്രഹി, എസിപി മുഹമ്മദ് നദീം, ഊരു മൂപ്പത്തി മാധവി, ഡെപ്യൂട്ടി കലക്ടർ പി എ വിഭൂഷൻ, സർവ്വേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ പി കെ ശാലി, തഹസിൽദാർ ടി ജയശ്രീ, െ്രെടബൽ ഡെവലപ്‌മെന്റ് ഓഫീസർ സി ഹെറാൾഡ് ജോൺ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സുമു സ്‌കറിയ, മറ്റു റവന്യൂ, വനം, സർവ്വേ, പട്ടികവർഗ്ഗ വകുപ്പ്, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments