കൊച്ചി. ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ അകപ്പെട്ട ഒരു സെന്റീമീറ്ററിലേറെ വലിപ്പമുള്ള എൽ ഇ ഡി ബൾബ് കൊച്ചി അമൃത ആശുപത്രിയിലെ ചീഫ് ഇന്റർവെൻഷണൽ പൾമണോളജിസ്റ്റ് ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. നിലയ്ക്കാത്ത ചുമയും ശ്വാസതടസ്സവും ഉണ്ടായിരുന്ന കുഞ്ഞിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ആന്റിബയോട്ടിക്കുകൾ നൽകി നാലുദിവസമായിട്ടും അസുഖം കുറഞ്ഞില്ല. തുടർന്ന് നടത്തിയ എക്‌സ്‌റേ പരിശോധനയിൽ ശ്വാസകോശത്തിന്റെ താഴ്ഭാഗത്ത് എന്തോ അകപ്പെട്ടതായി കണ്ടെത്തി. ഇതേ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃതയിലേക്ക് റഫർ ചെയ്യുകയായിരുന്നു. അവിടെ ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ ബ്രോങ്കോസ്‌കോപ്പിക് പരിശോധനയിലാണ് വലതു ശ്വാസകോശത്തിൽ അകപ്പെട്ടത് ചുവന്ന നിറത്തിലുള്ള ചെറിയ എൽ ഇ ഡി ബൾബ് ആണെന്ന് കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിന്റെ ശ്വാസകോശത്തിൽ നിന്ന് ഉടനെ തന്നെ അത് പുറത്തെടുക്കുകയും ചെയ്തു. കുഞ്ഞുങ്ങൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഭാഗങ്ങളൊക്കെ ശ്വാസകോശത്തിൽ അകപ്പെടുന്ന സംഭവങ്ങളുണ്ടാകാറുണ്ടെങ്കിലും ഇത്രയും പ്രായം കുറഞ്ഞ കുഞ്ഞിന്റെ ശ്വാസകോശത്തിൽ ഇതു പോലൊരു വസ്തു അകപ്പെട്ടത് കണ്ടെത്തുന്നത് ആദ്യമായിട്ടാണെന്ന് പാണഞ്ചേരി സ്വദേശിയായ ഡോക്ടർ ടിങ്കു ജോസഫ് പറഞ്ഞു. കുട്ടികൾക്ക് നൽകുന്ന കളിപ്പാട്ടങ്ങളിൽ നിന്നും ഇങ്ങനെ സംഭവിക്കാനുള്ള സാധ്യതകളുണ്ടെന്നും ഇക്കാര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും ഡോക്ടർ പറഞ്ഞു.

0 Comments