ചാത്തംകുളം റോഡ് വീണ്ടും തകർന്നു; പ്രതിഷേധവുമായി ജനകീയ സമര സമിതി

പട്ടിക്കാട്. മുടിക്കോട് സർവീസ് റോഡിൽ നിന്നും ചാത്തംകുളം റോഡിലേയ്ക്ക് ഇറങ്ങുന്ന ഭാഗം റീടാറിങ് നടത്തിയത് വീണ്ടും തകർന്ന നിലയിൽ. ദേശീയപാതയുടെ കാന നിർമ്മാണത്തിന്റെ ഭാഗമായി ഈ ഭാഗത്തെ റോഡ് പൂർണ്ണമായും തകർന്നിരുന്നു. വാർഡ് മെമ്പർ ആരിഫ റാഫിയുടെ നേതൃത്വത്തിൽ നിരവധി തവണ ദേശീയപാത അധികൃതരുമായി ബന്ധപ്പെട്ടാണ് തകർന്ന റോഡ് റീടാറിങ് നടത്തിയത്. എന്നാൽ ടാറിങിലെ അപാകതയാണ് പ്രദേശത്തെ റോഡ് വീണ്ടും തകർന്നതിന് കാരണമെന്ന് മുടിക്കോട് ജനകീയ സമര സമിതി അംഗങ്ങളായ എം.എസ് കുഞ്ഞപ്പൻ, സി.എസ് ശ്രീജു, അജി എന്നിവർ പറഞ്ഞു. 

പ്രദേശത്തെ റോഡ് തകർന്നതോടെ സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി യാത്രക്കാർ അപകടഭീതിയിലാണ്. റോഡിന് കുറുകെ കാന നിർമിക്കുന്നതിനുള്ള പണികൾ ആരംഭിച്ചതോടെയാണ് റോഡ് തകരാൻ തുടങ്ങിയത്. തൃശ്ശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ ഭാഗത്ത് റോഡിന് വേണ്ടത്ര സുരക്ഷ ഒരുക്കാതെയാണ് കാന നിർമ്മാണം ആരംഭിച്ചതെന്ന് പരാതി ഉയർന്നിരുന്നു. 

നിലവിൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡിന്റെ വശങ്ങൾ താഴ്ന്നു പോകുന്ന അവസ്ഥയാണുള്ളത്. മാത്രമല്ല പ്രദേശത്ത് കുഴികൾ രൂപപ്പെട്ടതോടെ ചെറിയ വാഹനങ്ങൾക്ക് വളരെ ബുദ്ധിമുട്ടി വേണം സർവ്വീസ് റോഡിലേയ്ക്ക് പ്രവേശിക്കാൻ. എത്രയും വേഗം റോഡ് റീടാറിങ് നടത്തി ജനങ്ങളുടെ യാത്ര സുരക്ഷിതമാക്കണമെന്ന് ജനകീയ സമര സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു.




Post a Comment

0 Comments