മുട്ടോളം വെള്ളത്തിൽ കോൺക്രീറ്റിങ്: മലയോര ഹൈവേ നിർമ്മാണം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു


പട്ടിക്കാട്. പള്ളിക്കണ്ടത്ത് കാന നിർമ്മാണത്തിനായി മുട്ടോളം വെള്ളത്തിൽ നടത്തിയ കോൺക്രീറ്റിങ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. മലയോര ഹൈവേ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി പീച്ചിഡാം റോഡിൽ പള്ളിക്കണ്ടം ബസ്റ്റോപ്പിന് സമീപം കാന നിർമ്മാണത്തിനായി മണ്ണെടുത്ത് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഈഭാഗത്ത് വെള്ളം കെട്ടിക്കിടക്കുകയും ചെയ്തു. ഈ വെള്ളം വറ്റിക്കാതെയാണ് കമ്പനി തൊഴിലാളികൾ കോൺക്രീറ്റ് മിക്‌സർ ഉപയോഗിച്ച് കാനയിലേയ്ക്ക് കോൺക്രീറ്റ് നിറച്ചത്. ഈ സമയം ഇതുവഴി കടന്നുപോയ യൂത്ത് കോൺഗ്രസ് നേതാക്കളായ ഷൈജു കുര്യൻ, പ്രവീൺ രാജു, സി.എസ് ശ്രീജു എന്നിവർ നിർമാണത്തിലെ അപാകതകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ മറ്റു പ്രവർത്തകരും ചേർന്ന്  നിർമ്മാണ പ്രവർത്തനങ്ങൾ തടയുകയും ചെയ്തു. മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ചതിനുശേഷം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയാൽ മതിയെന്ന് പറഞ്ഞാണ് തൊഴിലാളികളെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരിച്ചയച്ചത്.

പള്ളിക്കണ്ടം മുതൽ വിലങ്ങന്നൂർ വരെ നടക്കുന്ന മലയോര ഹൈവേ നിർമ്മാണത്തിൽ നിരവധി അപാകതകളും വൻതോതിൽ അഴിമതികളും ഉണ്ടെന്നും നിർമ്മാണ പ്രവർത്തനങ്ങളിൽ റവന്യൂ മന്ത്രി കെ രാജൻ വേണ്ട ഇടപെടലുകൾ നടത്തുന്നില്ല എന്നും പ്രവർത്തകർ ആരോപിച്ചു. നിർമ്മാണ പ്രവർത്തനത്തിലെ  അപാകതകളും, അഴിമതിയും ചൂണ്ടിക്കാട്ടി വിജിലൻസിന് പരാതി നൽകുമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. 

കെ.വി. ബിനു, ജോജോ, കോൺഗ്രസ് നേതാക്കളായ സജി ആൻഡ്രൂസ്, കുര്യാക്കോസ് ഫിലിപ്പ്, ഷിബു പീറ്റർ, ജോൺസൺ, എന്നിവരും നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ കൂട്ടത്തിലുണ്ടായിരുന്നു.




Post a Comment

0 Comments