പട്ടിക്കാട്. ചെമ്പൂത്ര താളിക്കോട് റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 29ന് യോഗം ചേരുമെന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ പറഞ്ഞു. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന റോഡിന് മിക്കയിടത്തും നിർദ്ദിഷ്ട വീതി ഇല്ലാത്തതാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്. പദ്ധതി നടപ്പാക്കണമെങ്കിൽ റോഡിന് ചുരുങ്ങിയത് 8 മീറ്റർ വീതിയെങ്കിലും വേണം. അതുകൊണ്ട് ഇരുഭാഗത്തുനിന്നും ഭൂമി ഏറ്റെടുക്കേണ്ടതായി വരും. മതിലുകൾ ഉൾപ്പെടെയുള്ള നിർമ്മിതികളും പൊളിച്ചു നീക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് റോഡ് ഉൾപ്പെടുന്ന മൂന്ന് വാർഡുകളിലെയും മെമ്പർമാരുടെ സാന്നിധ്യത്തിൽ പ്രദേശവാസികളെ ഉൾപ്പെടുത്തി യോഗം ചേരാൻ പഞ്ചായത്ത് തീരുമാനിച്ചത്.


0 Comments