പട്ടിക്കാട്. പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ റോഡുകൾ നിർമ്മിക്കുന്ന സ്ഥലങ്ങൾ എംപി ടി.എൻ പ്രതാപന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പാണഞ്ചേരിയിൽ നിന്നും പരിശോധന ആരംഭിച്ചത്. പദ്ധതിയിൽ ഉൾപ്പെടുത്തി പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ 18.25 കിലോമീറ്റർ ദൂരത്തിൽ മൂന്ന് റോഡുകൾക്ക് അനുമതിയായിട്ടുള്ളതായി എംപി ടിഎൻ പ്രതാപൻ അറിയിച്ചു. മൂന്ന് റോഡുകളിൽ രണ്ട് റോഡുകളുടെ ടെൻഡറും ഒരു റോഡിന്റെ ടെൻഡറിനുള്ള നടപടി ക്രമങ്ങളും പൂർത്തീകരിച്ചതായും, ഇതിൽ തെക്കുംപാടം മയിലാട്ടുംപാറ പീച്ചിഡാം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും എംപി അറിയിച്ചു.
തെക്കുംപാടം വഴുക്കുംപാറ മയിലാട്ടുംപാറ വാർഡുകളിൽ കൂടി കടന്നുപോകുന്ന കല്ലിടുക്ക് പൂളച്ചോട് പീച്ചി ഡാം റോഡിന് 5.94 കോടിയും, പാണഞ്ചേരി താളിക്കോട് കോമ്പാറ ചെമ്പൂത്ര റോഡിന് 5.84 കോടിയും, മുരുക്കുംപാറ ചേരുംകുഴി ചവറാംപാടം റോഡിന് 5.76 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവദിച്ച തുകയ്ക്ക് പുറമെ വരുന്ന ചിലവുകൾ എംപി ഫണ്ടിൽ നിന്നും ലഭ്യമാക്കുമെന്നും എംപി ഉറപ്പ് നൽകി.
ഇതിൽ പാണഞ്ചേരി താളിക്കോട് റോഡിന് വേണ്ടത്ര വീതിയില്ലാത്തത് പ്രദേശവാസികളുമായി ചർച്ച ചെയ്ത് റോഡിന് വേണ്ടത്ര വീതി ഉറപ്പാക്കണമെന്ന് എംപി പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിയുടെ മൂന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയാണ് പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ റോഡുകൾക്ക് അനുമതിയായത്. 2018 ലാണ് മൂന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അന്നത്തെ പഞ്ചായത്ത് മെമ്പറായിരുന്ന കെ.പി എൽദോസ് നൽകിയ നിവേദനത്തെ തുടർന്നാണ് റോഡുകൾ അനുവദിച്ച് കിട്ടിയത്.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, പ്രതിപക്ഷ നേതാവ് ബാബു തോമസ്, പഞ്ചായത്ത് അംഗങ്ങളായ ജയകുമാർ ആദംകാവിൽ, ആരിഫ റാഫി, കെ.പി ചാക്കോച്ചൻ, എം.ജെ അനീഷ്, സ്വപ്‌ന രാധാകൃഷ്ണൻ, മുൻ പഞ്ചായത്ത് അംഗങ്ങളായ കെ.പി എൽദോസ്, വിനീത സന്തോഷ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഡേവിഡ് ജോൺ ഡിമോറീസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ റോസ് സോളി, അസിസ്റ്റന്റ് എൻജിനീയർ സംഗീത, ഓവർസിയർമാരായ മനോജ്, സുജാത, റീതു തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.
.jpg)

0 Comments