പട്ടിക്കാട്. മുടിക്കോട് താളിക്കോട് റോഡിലെ കലുങ്ക് അപകടഭീഷണി നേരിടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ ഇതുവരെ കലുങ്ക് പുനർനിർമ്മിക്കാനോ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനോ അധികൃതർ തയ്യാറായിട്ടില്ല. താളിക്കോട് ജീവൻ ജ്യോതി സ്‌കൂളിന് സമീപത്തുള്ള കലുങ്കാണ് സ്ലാബുകൾ ഉറപ്പിച്ചിട്ടുള്ള കരിങ്കൽ ഭിത്തി ഇടിഞ്ഞതിനെ തുടർന്ന് അപകടാവസ്ഥയിലായത്. ഇതോടെ കലുങ്കിന് ഇരുഭാഗവും റോഡിൽ കുഴി രൂപപ്പെട്ട നിലയിലാണ്.
പ്രദേശത്തെ സ്‌കൂളുകളിലേയ്ക്കുള്ള നൂറുകണക്കിന് വിദ്യാർഥികളുമായി സ്‌കൂൾ ബസുകൾ ഇതുവഴിയാണ് കടന്നു പോകുന്നത്. താളിക്കോട് ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളും ഈ കലുങ്കിന് മുകളിലൂടെ വേണം കടന്നു പോകാൻ. വർഷങ്ങളായി തകർച്ച നേരിടുന്ന കലുങ്കിന്റെ അപകടാവസ്ഥ അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും വേണ്ട നടപടികൾ ഒന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത് എത്രയും വേഗം കലുങ്ക് പുനർനിർമ്മിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


0 Comments