പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ ഏറ്റവും വലിയ പൊതുകുളങ്ങളിലൊന്നായ ചാത്തംകുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബറിൽ ആരംഭിക്കുമെന്ന് കേരള ലാൻഡ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ പ്രതിനിധികൾ അറിയിച്ചിരുന്നു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ സാന്നിധ്യത്തിൽ കെഎൽഡിസി ചീഫ് എഞ്ചിനീയർ ശാലിനി, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അനു, അസിസ്റ്റന്റ് എഞ്ചിനീയർ അജു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, വാർഡ് മെമ്പർ ആരിഫ റാഫി എന്നിവർ ചേർന്ന് നടത്തിയ ചർച്ചയിലാണ് കമ്പനി പ്രതിനിധികൾ ഇക്കാര്യം അറിയിച്ചിരുന്നത്.
നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായതായും, പീച്ചി വാഴാനി ടൂറിസം കോറിഡോർ കടന്നുപോകുന്ന ഭാഗം എന്ന നിലയ്ക്ക് മറ്റു സാധ്യതകളും പരിശോധിക്കുമെന്നും പ്രതിനിധി സംഘം അറിയിച്ചിരുന്നു. രണ്ട് കോടി രൂപയാണ് പ്രവർത്തികൾക്കായി അനുവദിച്ചിട്ടുള്ളതെന്നും കേരള ലാൻഡ് ഡവലപ്പ്‌മെന്റ് കോർപ്പറേഷനാണ് നിർമ്മാണ ചുമതലയെന്നുമാണ് ലഭിച്ച വിവരം എന്നാൽ ഒക്ടോബർ മാസം അവസാനിക്കാറായിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിൽ ജനങ്ങൾ ആശങ്കയിലാണ്.
രണ്ടര ഏക്കറോളം വിസ്തൃതിയുള്ള ഈ കുളം പ്രദേശത്തെ കിണറുകളെയും മറ്റ് ജലസ്രോതസ്സുകളെയും സമ്പുഷ്ടമാക്കുന്ന ഏറ്റവും വലിയ ജല സ്രോതസ്സാണ്. ഇതിലെ ജല വിതാനം കടുത്ത വേനലിലും കാര്യമായി താഴാറില്ല. പ്രദേശത്തെ പ്രധാന സ്വാശ്രയ കുടിവെള്ള പദ്ധതിയും ഈ കുളത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചണ്ടിയും പായലും നീക്കി കുളം ശുചീകരിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ അടുത്ത കാലത്തൊന്നും ശുചീകരണപ്രവർത്തനങ്ങൾ നടന്നിട്ടില്ല. കെഎൽഡിസിയുടെ നേതൃത്വത്തിൽ രണ്ട് കോടിയിലേറെ രൂപ ചെലവിൽ വശങ്ങൾ കല്ലുകെട്ടി സംരക്ഷിക്കുന്നതിനുള്ള പദ്ധതി കൊവിഡ് കാലഘട്ടത്തിന് മുമ്പ് പ്രഖ്യപിച്ചിരുന്നതാണ്.


0 Comments