മണ്ണുത്തി. ദേശീയപാത നിർമ്മാണത്തിൽ കോടികളുടെ അഴിമതി ഇഡി കണ്ടെത്തിയെന്നും അതിനാൽ ടോൾ പിരിവ് നിർത്തിവെക്കണം എന്നും ആവശ്യപ്പെട്ട് തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പാലിയേക്കര ടോൾ പ്ലാസ വളയൽ സമരം നടത്തി. എംപി ടി.എൻ പ്രതാപൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷനായിരുന്നു. പ്രതിഷേധ സമരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ എംപി ടി.എൻ പ്രതാപൻ, ജോസ് വള്ളുർ, അനിൽ അക്കര എന്നിവർക്ക് പരിക്കേറ്റു.
കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡുകൾ മാറ്റി വാഹനങ്ങൾ കടത്തിവിടുകയും പ്രതിരോധിക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥരുമായി സംഘർഷം ഉണ്ടാവുകയുമായിരുന്നു. തുടർന്ന് ടോൾ പ്ലാസ ഓഫീസിലേക്ക് പ്രവേശിച്ച് ജിഐപിഎൽ ഉദ്യോഗസ്ഥരുമായി നേതാക്കൾക്ക് സംസാരിക്കണമെന്ന ആവശ്യം പോലീസ് നിരാകരിച്ചതോടെ രൂക്ഷമായ സംഘർഷത്തിലേക്ക് സമരം വഴിമാറുകയായിരുന്നു എന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
തുടർന്ന് ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജയും, ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോഗ്രയും സ്ഥലത്തെത്തി എംപിയും മറ്റ് നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സമരത്തിൽ രമ്യ ഹരിദാസ് എംപി, അഡ്വക്കേറ്റ് ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, സിസി ശ്രീകുമാർ, ഷാജി കോടങ്കണ്ടത്ത്, എം.എസ് അനിൽകുമാർ, കെ.വി ദാസൻ, കെ.സി അഭിലാഷ്, ടി.എം രാജീവ്, സജീവൻ കുരിയച്ചിറ, എം.എൽ ബേബി, കെ.എൻ വിജയകുമാർ, എം.യു മുത്തു, ജേക്കബ് പോൾ എന്നിവർ നേതൃത്വം നൽകി.


0 Comments