ആറാംകല്ലിൽ നിന്നും വിദേശ ഇനം കഞ്ചാവ് പിടികൂടി


പട്ടിക്കാട്.
ആറാംകല്ലിൽ പ്രവർത്തിക്കുന്ന ശക്തി ലോഡ്ജിൽ നിന്നും രണ്ടര കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശി മുഹമ്മദ് ഫയസ് (23) നെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഒരു ലാപ്‌ടോപ്പും ഫോണുകളും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പാലക്കാട് എക്‌സൈസ് ഐബി ഇൻസ്‌പെക്ടർ നൗഫലിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡും, തൃശ്ശൂർ എക്‌സൈസ് ഐബി ടീമും സംയുക്തമായി ആറാംകല്ലിൽ ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ശക്തി ലോഡ്ജിൽ എത്തി റെയ്ഡ് നടത്തിയത്. 

തായ്‌ലാൻഡിൽ നിന്നും കൊച്ചി എയർപോർട്ട് വഴിയാണ് കഞ്ചാവ് എത്തിച്ചത്. അന്താരാഷ്ട്ര മാർക്കറ്റിൽ ഗ്രാമിന് 3000 രൂപയിൽ അധികം വില വരുന്നതായി കണക്കാക്കുന്നു. ഫാബിലാസോ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നതെന്നും സാധാരണ കഞ്ചാവിനേക്കാൽ ലഹരിയും എംഡിഎംഎ ഉപയോഗിക്കുമ്പോൽ ലഭിക്കുന്ന അതേ ലഹരി ഇവയിൽ നിന്നും ലഭിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഒമാനിൽ നിന്നും രണ്ടുപേരുടെ നിർദ്ദേശാനുസരണം ആണ് താൻ കഞ്ചാവ് വില്പന നടത്തുന്നതെന്നും കഞ്ചാവ് തായ്‌ലാന്റിൽ നിന്ന് കടത്തുന്നതിനായി ടിക്കറ്റ് ചാർജ് അടക്കം 25000 രൂപ അവർ നൽകിയതായും മുഹമ്മദ് ഫയസ് പറഞ്ഞു. വിൽപ്പന നടത്തേണ്ട ആളുകളെക്കുറിച്ച് അറിയില്ലെന്നും അന്വേഷണസംഘത്തോട് ഇയാൾ പറഞ്ഞു. തായ്‌ലാന്റിൽ നിന്നും കോൺഫ്‌ലക്‌സ് പോലുള്ള ഭക്ഷ്യ പദാർത്ഥങ്ങളുടെ പാക്കറ്റുകളിൽ കഞ്ചാവ് നിറക്കുകയും. എയർപോർട്ടിലെ സ്‌കാനിംഗിൽ തെളിയാതിരിക്കുന്നതിനായി കറുത്ത സെല്ലോ ടേപ്പ് ഒട്ടിച്ചാണ് ഇയാൾ കഞ്ചാവ് കടത്തിയത്. ഇതിനിടയിൽ കഞ്ചാവ് വാങ്ങുന്നതിനായി ലോഡ്ജിലേക്ക് കാറിൽ എത്തിയ മൂന്നുപേർ എക്‌സൈസ് സംഘത്തെ കണ്ട് ഓടിക്കളഞ്ഞു. ഇവരുടെ കാറും എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

തൃശ്ശൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിലെ ഇൻസ്‌പെക്ടർ സുദർശനകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ സോണി കെ ദേവസി, ഗിരീഷ് കെ.എസ്, മനോജ് കുമാർ എം.എം, ഇന്റലിജൻസ് വിഭാഗത്തിലെ പ്രിവന്റീവ് ഓഫീസർമാരായ വി.എം ജബ്ബാർ, ലോനപ്പൻ കെ.ജെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സനീഷ്‌കുമാർ എന്നിവർ കഞ്ചാവ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം നടക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.





Post a Comment

0 Comments