മണ്ണുത്തി. ചിറക്കാക്കോട് റോഡിൽ വെള്ളാനിക്കര കൃഷി വിജ്ഞാന കേന്ദ്രം ട്രെയിനിങ് ഹോസ്റ്റലിന് സമീപം ടെമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. മണ്ണുത്തി പനഞ്ചകം ബോസ്‌കോ നഗർ സ്വദേശി ചിറയത്ത് മഞ്ഞിലയിൽ സി.വി ജോസ് (60) ആണ് മരിച്ചത്.
ഇന്ന് (തിങ്കളാഴ്ച) വൈകീട്ട് 4.45ന് ആയിരുന്നു അപകടം. ചിറക്കാക്കോട് ഭാഗത്തേക്ക് പോയിരുന്ന ട്രാവലറിൽ മണ്ണുത്തി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. ജോസിന്റെ മൃതദേഹം മിഷൻ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒല്ലൂർ എസിപി മുഹമ്മദ് നദീം, മണ്ണുത്തി സ്‌റ്റേഷൻ ഹൗസ് ഓഫീസർ എസ്. ഷുക്കൂർ എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


0 Comments