തെക്കുംപാടം തോട്ടിൽ കക്കൂസ് മാലിന്യം തള്ളി


ചുവന്നമണ്ണ്. പത്താംകല്ലിൽ തെക്കുംപാടം തോട്ടിലേക്ക് സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. ചുവന്നമണ്ണ് മുതൽ പത്താംകല്ല് വരെ തോട്ടിലുടനീളം ഇത്തരത്തിൽ വൻതോതിൽ മാലിന്യം തള്ളുന്നത് വ്യാപകമായിരിക്കുകയാണ്. പ്ലാസ്റ്റിക്ക് വസ്തുക്കൾ, സദ്യയുടെ അവശിഷ്ടങ്ങൾ, അറവുമാലിന്യങ്ങൾ, തെർമോകോൾ, അപകടകരമായ രാസ പദാർത്ഥങ്ങൾ അടങ്ങിയ മാലിന്യങ്ങൾ നിറഞ്ഞ വൈതരണിയായി മാറിയിരിക്കുകയാണ് ഈ തോട്. എല്ലാ കാലത്തും തെളിനീർ ഒഴുകുന്ന തോടാണിത്. 

കുതിരാൻ മലയിൽ നിന്ന് ഉത്ഭവിച്ച് മണലിപ്പുഴയിൽ ചെന്നു ചേരുന്നതുവരെയുള്ള പ്രദേശങ്ങളിലെ നിരവധി ജനങ്ങൾ കുളിക്കാനും തുണി കഴുകാനും കാർഷികാവശ്യങ്ങൾക്കുമൊക്കെ ഈ തോടിനെ ആശ്രയിക്കുന്നവരാണ്. അതുകൊണ്ട് വെള്ളം മലിനീകരിക്കുന്ന, മാരകമായ പകർച്ചവ്യാധികൾ പടരുന്നതിന് ഇടയാക്കുന്ന തരത്തിൽ തോട്ടിൽ മാലിന്യം തള്ളുന്നവർക്കെതിരെ അധികൃതർ കർശന നടപടി എടുക്കണം. ദേശീയപാതയുടെ സർവ്വീസ് റോഡിനോട് ചേർന്ന് ആയതിനാലാണ് വാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്നിടാൻ സൗകര്യപ്രദമായ സ്ഥലമായി ഇവിടം മാറിയത്. പരിസരത്ത് മറ്റ് കെട്ടിടങ്ങളോ ലൈറ്റുകളോ ഇല്ലാത്തതിനാൽ എന്ത് ഹീനകൃത്യം നടന്നാലും ആരും അറിയുകയുമില്ല. ചില സ്ഥലത്ത് സർവ്വീസ് റോഡിനോട് വളരെ ചേർന്നാണ് തോട്ടിലേക്കുള്ള കട്ടിംഗ്. ഇവിടെയാണ് കക്കൂസ് മാലിന്യ ടാങ്കർ നിർത്തി തോട്ടിലേക്ക് വേസ്റ്റ് തള്ളുന്നത്. ഈ ഭാഗത്ത് തോടിന്റെ ഓരത്ത് കൈവരികൾ സ്ഥാപിക്കുകയും സ്ട്രീറ്റ്‌ലൈറ്റുകൾ സ്ഥാപിക്കുകയും വേണം. സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കാനായാൽ തോട്ടിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടികളെടുക്കാൻ കഴിയും.




Post a Comment

0 Comments