തൃശൂർ. സൈബർ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ യുവജനങ്ങൾക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ പറഞ്ഞു. സൈബർ സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി തൃശൂർ ശക്തൻ തമ്പുരാൻ കോളേജിൽ നടന്ന സൈബർ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമ്മീഷണർ.
ഇന്റനെറ്റ് നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമായിരിക്കുകയാണ്. ഇത്തരം അവസ്ഥകളെ ചൂഷണം ചെയ്യുകയാണ് സൈബർ കുറ്റവാളികൾ. യുവജനങ്ങൾക്കിടയിൽ നടത്തുന്ന സൈബർ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് കൃത്യമായ അറിവ് ലഭിക്കുകയും ഇത്തരം അറിവുകൾ അവരവരുടെ കുടുംബാംഗങ്ങളിലേക്കും, ഗ്രാമങ്ങളിലേക്കും എത്തിക്കുന്നതിലൂടെ സൈബർ സുരക്ഷിതമായ ഒരു സമൂഹം സൃഷ്ടിക്കാൻ സാധിക്കുമെന്നും കമ്മീഷണർ അഭിപ്രായപ്പെട്ടു. തൃശൂർ ജില്ലയിലെ മുഴുവൻ കോളേജ് വിദ്യാർത്ഥികൾക്കും സൈബർ സുരക്ഷിതത്വ ക്ലാസ്സുകൾ നൽകുന്നതിനുള്ള കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
തൃശൂർ സിറ്റി പോലീസ് സൈബർ സെൽ വിഭാഗം സബ് ഇൻസ്‌പെക്ടർ ടി.ഡി. ഫീസ്‌റ്റോ, സീനിയർ സിവിൽ പോലീസ് ഓഫീസർ സി. സുജിത് എന്നിവർ ക്ലാസ്സുകൾ നയിച്ചു. റെഡ് ടീം ഹാക്കർ അക്കാദമി ടീം അംഗങ്ങളായ അമൽ കുമാർ, ഫായിസ് മജീദ്, നീത കുട്ടൻ, റിന്റോ എം. പ്രിൻസ്, പി.കെ. വർഷ എന്നിവർ തത്സമയ ഡെമോൺസ്‌ട്രേഷൻ നടത്തി. ശക്തൻ തമ്പുരാൻ കോളേജ് പ്രിൻസിപ്പൽ അജിത് കുമാർ രാജ അധ്യക്ഷത വഹിച്ചു.


0 Comments