കാടുകയറി ചീനിക്കടവ് റോഡ്; കാൽനടയാത്രക്കാർ ഭീതിയിൽ


കണ്ണാറ. ചീനിക്കടവ് റോഡിന്റെ ഇരുവശവും കാടുകയറിയതിനെ തുടർന്ന് ഇതുവഴിയുള്ള കാൽനടയാത്രക്കാർ ഭീതിയിലാണ്. സ്‌കൂൾ വിദ്യാർഥികളും ജോലിക്കാരും ഉൾപ്പെടെ നിരവധി കാൽനടയാത്രക്കാർ കടന്നുപോകുന്ന പാതയിൽ ഇഴജന്തുക്കളുടെ ശല്യമുള്ളതായും നാട്ടുകാർ പറഞ്ഞു. വളരെ ഉയരത്തിൽ വളർന്ന പുൽചെടികൾ മറിഞ്ഞ് റോഡിലേയ്ക്ക് വീണ അവസ്ഥയിലുമാണ്. ഇത് ഇരുചക്രവാഹനങ്ങളെ അപകടത്തിൽ പെടത്താൻ ഏറെ സാധ്യതയുണ്ട്. മാത്രമല്ല വലിയ വാഹനങ്ങൾ കടന്നുവരുമ്പോൾ  ചെറിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകുന്നതിനും ബുദ്ധമുട്ട് ഉണ്ടാകുന്നതായി യാത്രക്കാർ പറഞ്ഞു. ഇരുഭാഗവും കാടുകയറിയത് റോഡിന്റെ വശങ്ങളിലൂടെ മഴവെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമാകുകയും റോഡിന്റെ തകർച്ചക്ക് കാരണമാകുകയും ചെയ്യും.

പഞ്ചായത്ത് റോഡുകളുടെ അറ്റകുറ്റ പണികൾ നടത്തുന്നതിനും അവ സഞ്ചാരയോഗ്യമാക്കുന്നതിനും ജനപ്രതിനിധികളും പഞ്ചായത്ത് അധികൃതരും വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത്തരം സാഹചര്യങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചും ജനങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ പ്രവർത്തികൾ നടപ്പാക്കുന്നതിനുളള നടപടികളും പഞ്ചായത്ത് സ്വീകരിക്കേണ്ടതാണ്.



Post a Comment

0 Comments