ലഹരി മാഫിയക്കെതിരെ പൊരുതാനുറപ്പിച്ച് ചാണോത്ത് ഗ്രാമം


പട്ടിക്കാട്. ലഹരി മാഫിയയുടെ അഴിഞ്ഞാട്ടത്തിൽ പൊറുതിമുട്ടിയ ഗ്രാമവാസികൾ അതിനെതിരെ പോരാട്ടത്തിനൊരുങ്ങുന്നു. പാണഞ്ചേരി പഞ്ചായത്തിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിൽപനയുടെയും ഉപയോഗത്തിന്റെയും കേന്ദ്രമായി മാറിയിരിക്കുകയാണ് ചാണോത്ത് പ്രദേശമെന്ന് നാട്ടുകാർ  സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ഏതാനും നാളുകളായി മയക്കുമരുന്നു വിൽപനയും ഉപയോഗവുമായി ബന്ധപ്പെട്ട സംഘർഷങ്ങളും കേസുകളും ഗുണ്ടാ അതിക്രമങ്ങളും വർധിച്ചു വരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. യുവാക്കളിൽ മാത്രമല്ല, സ്‌കൂൾ വിദ്യാർഥികളിലും കഞ്ചാവ്, എംഡിഎംഎ എന്നിവ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ലഹരിമാഫിയ നടത്തിവരുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ. കുട്ടികൾക്ക് തുടക്കത്തിൽ ഇവ സൗജന്യമായി നൽകി ശീലിപ്പിച്ച ശേഷം അവരെ ക്യാരിയർമാരായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. സ്‌കൂൾ പരിസരങ്ങളിലും സ്‌കൂൾ വിടുന്ന സമയങ്ങളിൽ ബസ് സ്റ്റാന്റ് പരിസരങ്ങളിലും ഇക്കൂട്ടർ കുട്ടികളെ ഇരകളാക്കാൻ കറങ്ങി നടക്കുന്നത് പതിവുകാഴ്ചയാണെന്ന് നാട്ടുകാർ പറഞ്ഞു. ചാണോത്തത്ത് മേഖലയിൽ ലഹരി മാഫിയയുടെയും സാമൂഹ്യവിരുദ്ധരുടെയും അഴിഞ്ഞാട്ടമാണ് നടക്കുന്നത്.
കഴിഞ്ഞ ഒരു വർഷക്കാലമായി പുറത്തുനിന്നുള്ളവർ പലരും സ്ഥിരമായി ഇവിടെ വരുന്നതായും ലഹരി ഉൽപന്നങ്ങളുടെ വിൽപനയും ഉപയോഗവും അതിനെ തുടർന്നുള്ള ആക്രമണങ്ങളും 


പതിവായിരിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു. രാത്രിയും പകലും എന്നില്ലാതെ നിരവധി വാഹനങ്ങളിൽ ചെറുപ്പക്കാർ വന്നു പോകുന്നത് പ്രദേശവാസികളുടെ ആശങ്കകൾക്ക് ആക്കം കൂട്ടുന്നു. നാട്ടിലെ ചെറുപ്പക്കാരെയും കുട്ടികളെയും ലഹരിക്ക് അടിമകളാക്കുന്നതിന് ഇത് വഴിവെക്കുമെന്നാണ്  മാതാപിതാക്കളുടെ ഭയം. ലഹരി വിൽപനയെ എതിർക്കാൻ ശ്രമിച്ചവർക്കെതിരെ വടിവാൾ വീശുകയും മർദ്ദിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഒരു മാസം മുമ്പ് മയക്കുമരുന്നു മാഫിയയുടെ നേതൃത്വത്തിൽ യുവാവിനെ ഭീകരമായി മർദ്ദിച്ചതായും പെൺകുട്ടികൾക്ക് വഴിനടക്കാൻ അനുവദിക്കാത്ത വിധം ലഹരി വിൽപനക്കാർ ചാണോത്ത് കനാൽ പാലത്തിൽ തമ്പടിച്ചിരിക്കുകയാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ  സാവിത്രി സദാനന്ദന്റെ നേതൃത്വത്തിൽ നാട്ടുകാരെ ഉൾപ്പെടുത്തി യോഗം ചേർന്നത്. യോഗത്തിൽ നാട്ടുകാരുടെ ദുരവസ്ഥ അധികൃതരെ ബോധ്യപ്പെടുത്തി. നാടിനെ നശിപ്പിക്കുന്ന ലഹരിമാഫിയയെയും അതിന് നേതൃത്വം നൽകുന്നവരെയും നിലയ്ക്കു നിർത്തണമെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്കും പോലീസ് അധികൃതർക്കും പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് അവർ. പീച്ചി പോലീസ് എസ്‌ഐ അജികുമാർ, സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, മുൻ പഞ്ചായത്ത് അംഗം പി.ജെ അജി, സരുൺ, സ്വപ്ന സിബി കല്ലിങ്കൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.



Post a Comment

0 Comments